congress wc
ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മന്‍മോഹന്‍ സിങിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. തങ്ങള്‍ മന്‍മോഹന്‍ സിങിന് സമ്പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന്  സോണിയാ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അദ്ദേഹം മുന്‍ പ്രധാനമന്ത്രിയാണ് നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകം മുഴുവന്‍ അറിയപ്പെടുന്നയാളാണ്. കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണമായും അദ്ദേഹത്തിനു പിന്നിലുണ്ട്. ഞങ്ങള്‍ ഈ വിഷയത്തെ നിയമ പരമായി നേരിടും. അദ്ദേഹം കുറ്റവിമുക്തനാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

വിഷയവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ദല്‍ഹിയില്‍ ചേരും. പാര്‍ലമെന്റ് ചേരുന്നതിന് മുമ്പായി മോത്തി ലാല്‍ നെഹ്‌റു മാര്‍ഗിലെ മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ വെച്ചാണ് യോഗം

കേസില്‍ മന്‍മോഹന്‍സിംങിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. മന്‍മോഹന്‍ സിംങ് പ്രധാനമന്ത്രിയായിരിക്കെ 2005ല്‍ താലിബറ ബ്ലോക്കില്‍ ഹിന്‍ഡാല്‍ക്കോക്ക് നിയമ വിരുദ്ധമായി ഖനനത്തിനുള്ള അഴിമതി നല്‍കിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് 2015 ജനുവരി 20ന് സി.ബി.ഐ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തിരുന്നു.

കേസിനെ ബി.ജെ.പി രാഷ്ട്രീയമായു ഉപയോഗപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കര്‍ഷക വിരുദ്ധമായ ഭൂമിയേറ്റെടുക്കല്‍ ബില്ലിനോടുള്ള ജനങ്ങളുടെ എതിര്‍പ്പ് കുറയ്ക്കുന്നതിനായുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.