rahul-sonia_650x400_71424866976
ന്യൂദല്‍ഹി: ഏപ്രിലില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി യോഗത്തിന് മുന്നോടിയായി സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നാലോളം സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്‍മാരെ തല്‍സ്ഥാനത്ത് നിന്നും നീക്കി പുതിയ അധ്യക്ഷന്‍മാരെ ഈയാഴ്ച തന്നെ നിയമിക്കും. ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലാണ് പുതിയ അധ്യക്ഷന്‍മാരെ നിയമിക്കുന്നത്.

പദവി രാജിവെച്ചതായി ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അര്‍ജുന്‍ മോഡ്‌വാഡിയ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന് പകരമായി ഭരത് സിംഗ് സോളങ്കി പദവി ഏറ്റെടുക്കുമെന്നാണ് സൂചനകള്‍.

ഇത് കൂടാതെ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കഴിയാത്ത വിധം പാര്‍ട്ടിയില്‍ ഭിന്നതകള്‍ ഉണ്ട്. ഇവിടെ പൊതു സമ്മതനായ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരാണ് ഉയര്‍ന്ന് വരുന്നത്.

ഏപ്രിലിലെ സമ്മേളനത്തോട് കൂടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുമെന്ന വാര്‍ത്തയും നേരത്തെ പുറത്ത് വന്നിരുന്നു. ഇത് കൂടാതെ പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് തലപ്പത്ത് അവരോധിക്കപ്പെടുമെന്ന വാര്‍ത്തകളുമുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പ്രിയങ്കയെ രാഹുല്‍ നിര്‍ദേശിച്ചതായാണ് സൂചനകള്‍.