ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി സമരം; ബംഗാളില്‍ നിന്ന് വ്യാജ ജനക്കൂട്ടത്തെ എത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്
India
ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി സമരം; ബംഗാളില്‍ നിന്ന് വ്യാജ ജനക്കൂട്ടത്തെ എത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്
ശ്രീലക്ഷ്മി പി.പി
Tuesday, 11th August 2026, 1:08 pm

ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് വ്യത്യസ്തമായ നിറം നല്‍കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി കോണ്‍ഗ്രസ്.പശ്ചിമബംഗാളില്‍ നിന്ന് ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരെ ട്രക്കുകളില്‍ കയറ്റി ജാര്‍ഖണ്ഡിലേക്ക് എത്തിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ജാര്‍ഖണ്ഡ് സമരത്തില്‍ വ്യാജ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് സമരം വലുതാക്കി കാണിച്ചാല്‍ തങ്ങള്‍ക്ക് എതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം കെട്ടടങ്ങുമെന്നാണ് ബി.ജെ.പി കരുതുന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെയുള്ള ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കാന്‍ ബി.ജെ.പി യുവാക്കളെ ട്രക്കുകളില്‍ കയറ്റി അയക്കുന്ന ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പങ്കുവെച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ സങ്കീര്‍ണമാക്കാന്‍ മോദിയും അമിത് ഷായും ചേര്‍ന്ന് രാഷ്ട്രീയക്കളികള്‍ നടത്തുന്നു എന്ന വിമര്‍ശനവുമായി കെ .സി വേണുഗോപാല്‍ രംഗത്തെത്തി. ‘നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സങ്കുചിത രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമായി ഇതിനെ കണ്ടോളൂ.പശ്ചിമബംഗാളില്‍ നിന്ന് ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെ കുറെ ആണ്‍കുട്ടികളെ ട്രക്കുകളില്‍ കയറ്റി ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകുന്നു.അവിടെ നടന്നുകൊണ്ടിരിക്കുന്ന സമാധാനപരമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മറ്റൊരു നിറം നല്‍കാനാണ് ശ്രമിക്കുന്നത് ‘ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘ജാര്‍ഖണ്ഡ് പ്രക്ഷോഭത്തിലേക്ക് വ്യാജ ജനക്കൂട്ടത്തെ അയച്ച് അത് വലുതായി കാണിച്ചാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ജനരോഷം തണുക്കുമെന്ന് മോദിയും അമിത് ഷായും കരുതുന്നു.മോദിജി ,ഇന്ത്യയിലെ ജനങ്ങളെ വിഡ്ഢികളായി കാണുന്നതും കരുതുന്നതും നിര്‍ത്തൂ,’കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

കഴിഞ്ഞ മാസം സംഭവിച്ചത് ഒരു ട്രെയ്‌ലര്‍ മാത്രമായിരുന്നു.തങ്ങളുടെ ഭാവി നശിപ്പിച്ചത് മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളുമാണെന്ന് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നന്നായി അറിയാമെന്നും വേണുഗോപാല്‍ പറഞ്ഞു. അതുകൊണ്ട് ,ജാര്‍ഖണ്ഡിലെ യുവജനങ്ങളുടെ പേരില്‍ സ്വന്തം താത്പ്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് നിര്‍ത്തൂ.അത്തരം ഗൂഢാലോചനകള്‍ക്ക് ഈ രാജ്യത്ത് ഇനി സ്ഥാനമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് എതിരെ സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് സംസ്ഥാന നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് റാഞ്ചി പൊലീസ് ജലപീരങ്കികളും കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തിയിരുന്നു.ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ഭാഗമാണ് കോണ്‍ഗ്രസ് എന്നത് ശ്രദ്ധേയമാണ്.

ജാര്‍ഖണ്ഡില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിച്ചതായും ,പ്രതിഷേധക്കാരുടെ പരാതികള്‍ കേട്ട് അവരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.’ജാര്‍ഖണ്ഡില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോടുള്ള എന്റെ സന്ദേശം വ്യക്തമാണ് .സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ഏതൊരു അതിക്രമത്തെയും ഞങ്ങള്‍ അപലപിക്കുന്നു ‘എന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘അത് എവിടെയാണ് നടക്കുന്നത് എന്നത് പ്രശ്‌നമല്ല .ഞങ്ങള്‍ അതിനെ അപലപിക്കുന്നു ,ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നു ,ഞങ്ങള്‍ അത് ശുപാര്‍ശ ചെയ്യുന്നില്ല,ഞങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നുമില്ല .ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ് ‘ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് രാഷ്ടീയ ആരോപണ -പ്രത്യാരോപണങ്ങള്‍ ശക്തമായി തുടരുകയാണ്.

Content Highlight : Congress says BJP Yuva Morcha members being sent from WB to Jharkhand to join student protest

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.