ന്യൂദല്‍ഹി: എസ്.ഐ.ആര്‍ തുടങ്ങിയതിനുശേഷം തെരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ വിഷയത്തില്‍ എതിര്‍പ്പുകളുയര്‍ന്നിരുന്നെന്ന റിപ്പോര്‍ട്ടുകളില്‍ ബി.ജെ.പിയുടേതില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളുമായി മറ്റ് എന്‍.ഡി.എ ഘടകകക്ഷികള്‍. ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) അടക്കമുള്ള നേതാക്കളാണ് ബി.ജെ.പിയെ പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കാതെ മറ്റു നിലപാടുകള്‍ സ്വീകരിച്ചത്.

കമ്മീഷന്‍ തന്നെ ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കണമെന്ന് കേന്ദ്രമന്ത്രി കൂടിയായ ചിരാഗ് പാസ്വാന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായതുകൊണ്ട് മാത്രം ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പാസ്വാന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെപ്പോലുള്ള പ്രതിപക്ഷ നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ തനിക്ക് വലിയ ആശങ്കയില്ലെന്നും ചിരാഗ് പറയുന്നു.

‘സര്‍ക്കാരിന്റെ ഭാഗമാണെന്നതുകൊണ്ട് മാത്രം ഒരു ഭരണഘടനാ സ്ഥാപനത്തെ ന്യായീകരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കട്ടെ. രാഷ്ട്രീയമായി തങ്ങള്‍ക്ക് അനുകൂലമായ നിലപാട് എപ്പോഴും സ്വീകരിക്കുന്ന പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് എനിക്ക് വലിയ ആശങ്കയുമില്ല,’ ചിരാഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കമ്മീഷന് ബാധ്യസ്ഥതയില്ലെന്നും എന്നാല്‍ പൊതുജനങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മീഷന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്മീഷന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ തുടങ്ങിയാല്‍ അത് ജനാധിപത്യത്തിന് ഗുണകരമാകില്ല. അതിനാല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ശക്തമായ രീതിയില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ഞാന്‍ കരുതുന്നു. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അനുയായികളും പറയുന്ന കാര്യങ്ങള്‍ക്ക് കമ്മീഷന്‍ മറുപടി നല്‍കേണ്ടതില്ല. എന്നാല്‍ ജനങ്ങളുടെ മനസിലുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്,’ പാസ്വാന്‍ പറഞ്ഞു.

എ.സ്.ഐആര്‍ നടപടികളെച്ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് കഴിഞ്ഞ ദിവസം ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് പാസ്വാന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും സ്വീകരിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ പാസ്വാന്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്.

രാഷ്ട്രീയ ലോക് മോര്‍ച്ച പാര്‍ട്ടി നേതാവായ ഉപേന്ദ്ര കുശ്വാഹും ബി.ജെ.പിയുടേതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇതുവരെ നടന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ തീര്‍ച്ചയായും ഒരു പ്രശ്‌നമുണ്ടെന്ന് വ്യക്തമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യത്തില്‍ കമ്മീഷന്‍ നിലപാട് വ്യക്തമാക്കണം. ഉയരുന്ന ചോദ്യങ്ങളിലും ആശങ്കകളിലും അവര്‍ വ്യക്തത വരുത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കുന്നതാണ് ഉചിതമെന്ന നിലപാടാണ് ടി.ഡി.പി സ്വീകരിച്ചത്. ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉചിതമായ വിശദീകരണം നല്‍കുന്നതും സുതാര്യത നിലനിര്‍ത്തുന്നതും സ്ഥാപനത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ എന്ന് തെലുഗുദേശം പാര്‍ട്ടി നേതാവ് ശ്രീകൃഷ്ണ ദേവരായലു പറഞ്ഞു. എന്നാല്‍ ആന്ധ്രയില്‍ എസ്.ഐ.ആര്‍ നല്ല രീതിയിലാണ് നടന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘നമ്മുടെ ജനാധിപത്യത്തില്‍ നിര്‍ണായക ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനമാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതിനാല്‍, ആരെങ്കിലും ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉചിതമായ വിശദീകരണം നല്‍കുന്നതും സുതാര്യത നിലനിര്‍ത്തുന്നതും സ്ഥാപനത്തിലുള്ള പൊതുജനവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ.’ ദേവരായലു പറഞ്ഞു.

Content Highlight: Chirag Paswan and other BJP allies also ask EC for ‘clarification’