ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലും ജന്തര്‍ മന്തറിലും പ്രതിഷേധിച്ച പ്രതിപക്ഷ സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വലിച്ചിഴച്ച് മാറ്റി. എം.പിമാരായ എ.എ റഹീം, വി. ശിവദാസന്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജി തുടങ്ങിയ ഇടത് നേതാക്കളടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ മലയാളം മാധ്യമങ്ങള്‍ പുറത്തുവിട്ടു.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളും ദല്‍ഹി പട്ടേല്‍ ചൗക്ക് ഗേറ്റ് മെട്രോ സ്റ്റേഷന് സമീപം പ്രതിഷേധിക്കുന്നതിനിടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധം അഞ്ച് മിനിറ്റ് പോലും കടക്കുന്നതിന് മുന്‍പ് പൊലീസ് പ്രതിഷേധക്കാരെ വലിച്ചിഴച്ച് മാറ്റുകയായിരുന്നു.

സി.പി.ഐ.എം രാജ്യസഭാ എംപിമാരും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചത്. പ്രതിഷേധം അഞ്ച് മിനിറ്റ് പോലും കടക്കുന്നതിന് മുന്‍പ് പൊലീസ് ഇടപെട്ടു. പ്രതിഷേധിച്ച എ എ റഹീം, വി ശിവദാസന്‍, ആദര്‍ശ് എം സജി അടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ച് മാറ്റുകയായിരുന്നു.

ജന്തര്‍ മന്തറില്‍ ഐസയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിട്ടിരുന്നു. ഇവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

ഗ്യാനേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചത്. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നും എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് പേര്‍ പ്രതിഷേധത്തിലെത്തി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. രാജ്യത്തിലെ മറ്റ് നഗരങ്ങളിലും പ്രതിഷേധം നടന്നു.

കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് ദല്‍ഹിയിലെ പ്രതിഷേധം.എസ്.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അസം, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടന്നു.

Content Highlight: Protest against ECI Gyanesh Kumar Demanding Impeachment