തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് യോഗം ചേരാത്തതിനും മുന്നണിയില്‍ ആലോചിക്കാതെയുള്ള കാബിനറ്റ് റാങ്ക് നിയമനങ്ങള്‍ക്കും എതിരെ പരസ്യ പ്രതികരണം നടത്തിയ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും രാജ്യസഭാ എം.പിയുമായ ജെബി മേത്തര്‍ക്കെതിരെ സൈബര്‍ ആക്രമണം. മൂന്ന് ദിവസമായി തുടരുന്ന സൈബറാക്രമണത്തിനെതിരെ പരാതി നല്‍കിയതായി ജെബി മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വളരെ മോശമായ രീതിയില്‍ നോണ്‍ സ്റ്റോപ്പ് ആയി സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. സാംസ്‌കാരിക കേരളം തലകുനിക്കുന്ന തരത്തിലുള്ള ഭാഷ ഉപയോഗിച്ചുകൊണ്ടാണ് സൈബര്‍ ആക്രമണമെന്നും എം.പി പറഞ്ഞു. ഈ ടാര്‍ജറ്റഡ് സൈബര്‍ ആക്രമണത്തെ കുറിച്ച് ഡി.ജി.പിക്കും അഭ്യന്തര മന്ത്രിക്കും താന്‍ പരാതി നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.
‘ഗാന്ധിജയന്തി ദിനത്തിന്റെ പോസ്റ്റില്‍ ആണെങ്കിലും അല്ലെങ്കില്‍ സി.പി.ഐ.എം ആക്രമിച്ച് ആശുപത്രിയിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച പോസ്റ്റില്‍ ആണെങ്കിലും നിരന്തരമായി സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഇന്നലെ ഡി.ജി.പിക്കും അഭ്യന്തര മന്ത്രിക്കും പരാതി നല്‍കി. ഇന്ന് രാവിലെ ഞാന്‍ ഡി.ജി.പിയുമായി സംസാരിച്ചു,’ മേത്തര്‍ പറഞ്ഞു.
വിഷയം പരിഗണിച്ച് വേഗത്തിലുള്ള നടപടിയെടുക്കാമെന്ന് ഡി.ജി.പി പറഞ്ഞു. അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അസുഖത്തെ തുടര്‍ന്ന് വിശ്രമത്തില്‍ ആയതുകൊണ്ട് ഫോണില്‍ സംസാരിക്കാന്‍ സാധിച്ചില്ല. പക്ഷേ സ്റ്റാഫുമായി സംസാരിച്ചു. അഭ്യന്തര മന്ത്രിയും അഭ്യന്തര വകുപ്പും പൊലീസും വേണ്ട നടപടികള്‍ സ്വീകരിക്കും എന്നുള്ള കാര്യത്തില്‍ തനിക്ക് ഉറപ്പാണെന്നും ജേബി മേത്തര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം താന്‍ ആദ്യമായല്ല നേരിടുന്നത്. സാധാരണ ഇത്തരം സൈബര്‍ അറ്റാക്കുകള്‍ ഒക്കെ നടക്കുമ്പോള്‍ താന്‍ അത് അവഗണിക്കാറാണ്. പക്ഷേ ഈ തവണ ഞാന്‍ ഒരു തീരുമാനം എടുക്കാനുള്ള കാരണം ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് ആജ്ഞാപിക്കുകയാണ് നമ്മളൊക്കെ എങ്ങനെ പ്രതികരിക്കണം എന്ന്. അതിന് നിന്നു കൊടുക്കേണ്ട കാര്യമില്ലല്ലോയെന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞു.
തനിക്കെതിരെ നടക്കുന്നത് പ്രത്യേകം ലക്ഷ്യംവെച്ചുള്ളതും സംഘടിതവുമായ സൈബര്‍ ആക്രമണമാണ്. ആരാണ് ഇതിന്റെ പിന്നില്‍ എന്നുള്ളത് കണ്ടെത്തി പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഇതിനെ ഡിജിറ്റല്‍ ലിഞ്ചിങ് ബൈ ഡിജിറ്റല്‍ സിന്‍ഡിക്കേറ്റ് ഹാന്‍ഡിലേഴസ് എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഡിജിറ്റല്‍ ലിഞ്ചിങ് വഴി തന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ല. ഇങ്ങനെ സൈബര്‍ ആക്രമണം നടത്തിയതുകൊണ്ട് ഒരു തരി പോലും തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും ജെബി മേത്തര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി.സതീശന്റെ സമീപനത്തെക്കുറിച്ച് അടൂര്‍ പ്രകാശ് നടത്തിയ പരസ്യപ്രതികരണത്തെ അനുകൂലിച്ചുകൊണ്ട് ഈ മാസം രണ്ടിനായിരുന്നു ജെബി മേത്തര്‍ പ്രതികരണം അറിയിച്ചത്. അടൂര്‍ പ്രകാശ് വളരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണെന്നും അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് പങ്കുവച്ചതെന്നും ജെബി മേത്തര്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ല അറിയേണ്ടതെന്ന് തുറന്നുപറയാന്‍ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാന്‍ കഴിയില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
യു.ഡി.എഫുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ പോലും താന്‍ കഴിഞ്ഞ നാല് മാസത്തിനിടെ അറിഞ്ഞിട്ടില്ലെന്നായിരുന്നു ഈ മാസം ഒന്നിന് അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും അടുത്ത കാലത്ത് യു.ഡി.എഫ് യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
യു.ഡി.എഫിന്റെ യോഗം അടുത്ത ദിവസങ്ങളിലൊന്നും നടന്നിട്ടില്ല. മുന്നണി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങളൊന്നും പറയാത്തത് കൊണ്ട് യു.ഡി.എഫ് യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു.
അടുത്തിടെ മുന്‍ മന്ത്രി എം.കെ. മുനീറിനും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും യു.ഡി.എഫ് സര്‍ക്കാരുമായി ബന്ധപ്പെട്ട കാബിനറ്റ് റാങ്കുള്ള പദവികള്‍ നല്‍കിയിരുന്നു. ഈ തീരുമാനം താന്‍ അറിഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. യു.ഡി.എഫ് കണ്‍വീനറായ താന്‍ മുന്നണിയുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlight: Congress MP Jebi Mather filed Petition against Cyber Attack
