ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാത്തത് നിര്‍ഭാഗ്യകരം; പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ്
India
ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാത്തത് നിര്‍ഭാഗ്യകരം; പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ്
റെന്വര്‍ പി
Sunday, 19th July 2026, 9:27 pm

ന്യൂദല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാന്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണന്ന് കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ്. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം നാളെ ആരംഭിക്കുന്നതിന്റെ മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഒട്ടാകെ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. നീറ്റ് പരീക്ഷ സുതാര്യമായി നടത്താന്‍ പറ്റാത്ത സാഹചര്യമാണ് രാജ്യത്ത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വലിയൊരു ശതമാനം
വിദ്യാര്‍ത്ഥികളുടെ ഭാവിയെ ആകെ ബാധിക്കുന്ന വിഷയമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

‘ഈ വിഷയത്തില്‍ പ്രധാന ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇതുവരെയും രാജിവയ്ക്കാന്‍ തയ്യാറാകാത്തത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്,’ കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു. ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് കക്ഷി നേതാക്കളുടെ യോഗത്തില്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങലില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ‘ചാത്ര ഗൂഞ്ച്’ എന്ന പരിപാടി നടത്തും. കേരളത്തിലെയും ഇന്ത്യയിലെയും ആകമാനം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ബ്ലോക്കിലെ മിക്കവാറും എല്ലാ കക്ഷികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നതായും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് സംസാരിച്ച ഗൗരവ് ഗൊഗോയ് ഇന്ത്യ ബ്ലോക്കിന് വേണ്ടി യോഗത്തില്‍ നിലപാടുകള്‍ അറിയിച്ചിട്ടുണ്ട്.

അയോധ്യ ക്ഷേത്രത്തിലെ സംഭാവന കൊള്ള അടക്കമുള്ള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് യോഗത്തില്‍ ഗൗരവ് ഗൊഗോയി ആവശ്യപ്പെട്ടതായും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

അയോധ്യയില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന കുംഭകോണമാണ്. ക്ഷേത്രത്തിലെ സംഭാവനകൊള്ള, അതോടൊപ്പം തന്നെ ജുവലറി മോഷണം, സ്ഥലത്തിന്റെ കൈമാറ്റം ഇങ്ങനെയുള്ള നിരവധി കാര്യങ്ങളാണ് അയോധ്യയില്‍ നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും അതോടൊപ്പം തന്നെ മറ്റ് ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളും ഇന്ത്യയില്‍ ആകമാനമുള്ള ഭക്തജനങ്ങളെ വല്ലാതെ മുറിവേല്‍പ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിന്നെ എഫ്.സി.ആര്‍.എ ചട്ടങ്ങള്‍ അടുത്ത കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുകയുണ്ടായി. അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്നാണ് കേന്ദ്ര ഗവണ്‍മെന്റ് പറഞ്ഞതെങ്കിലും വീണ്ടും വീണ്ടും അവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ആളുകള്‍ ഏറ്റുമുട്ടലുകളും ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും മരണം നടക്കുകയും ചെയ്യുന്നു. മണിപ്പൂര്‍ സംഭവം ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. അത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് എം.പി വ്യക്തമാക്കി.

‘അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് ഉന്നയിച്ചു. മറ്റ് ഇന്ത്യ ബ്ലോക്കിലെ വണ്‍ നേഷന്‍ വണ്‍ ഇലക്ഷന്റെ കാര്യത്തെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചു. അതോടൊപ്പം തന്നെ ഡീലിമിറ്റേഷന്‍ ബില്ലിന്റെ കാര്യത്തെക്കുറിച്ച് വിശദാംശങ്ങള്‍ പറയണമെന്ന് പറഞ്ഞു.

പക്ഷേ ഇന്നത്തെ യോഗത്തില്‍ അജണ്ടകള്‍ ഒന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സര്‍ക്കുലേറ്റ് ചെയ്തില്ല. അവസാനം ഞങ്ങള്‍ ശക്തമായി ആവശ്യപ്പെട്ട് ഞങ്ങള്‍ക്ക് അജണ്ട വേണമെന്ന് പറഞ്ഞപ്പോള്‍ ഇന്നലത്തെ ഗസറ്റ് ബുള്ളറ്റിന്റെ കോപ്പി ഞങ്ങള്‍ക്ക് ഇന്ന് പിന്നീട് സര്‍ക്കുലേറ്റ് ചെയ്യുകയാണുണ്ടായത്,’ എന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞു.

Content Highlight: Congress Leader kodikkunnil About Resignation of Dharmenddra Pradhan

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.