ബംഗളൂരു: കോണ്‍ഗ്രസ് എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് വീണ്ടും ആവര്‍ത്തിച്ച് രമേശ് ജാര്‍ക്കിഹോളി. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്ന ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവനക്കു പിന്നാലെയാണ് രമേശ് ജാര്‍ക്കിഹോളിയുടെ രാജിവെക്കുമെന്ന പ്രഖ്യാപനം.

മന്ത്രിസഭ വികസനത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായ രമേശ് ജാര്‍ക്കിഹോളിയുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മഹാരാഷ്ട്രയിലേക്ക് പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.


മന്ത്രിസ്ഥാനം തഴയപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എ നാഗേന്ദ്രയുമായി രമേശ് ജാര്‍ക്കിഹോളി സംസാരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ രാജി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നുമാണ് രമേശ് ജാര്‍ക്കിഹോളിയുമായി ബന്ധപ്പെട്ട അടുത്ത നേതാക്കള്‍ വ്യക്തമാക്കുന്നത്.

രാജിവെക്കുന്ന കാര്യം നാഗേന്ദ്രയോടാണ് രമേശ് വീണ്ടും സൂചിപ്പിച്ചത്. നാഗേന്ദ്രയും രമേശും തഴയപ്പെടാന്‍ കാരണം മന്ത്രി ഡി.കെ. ശിവകുമാറാണെന്നാണ് ആരോപണം.

രണ്ടുദിവസത്തിനുള്ളില്‍ രമേശ് ജാര്‍ക്കിഹോളിയുമായി സംസാരിക്കുമെന്നും ആരും എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്നുമാണ് രമേശിനു പകരം മന്ത്രിയായ സഹോദരന്‍ സതീഷ് ജാര്‍ക്കിഹോളി പറയുന്നത്.


അതേസമയം, 24 മണിക്കൂറിനുള്ളില്‍ സഖ്യസര്‍ക്കാര്‍ താഴെ വീഴുമെന്ന ബി.ജെ.പി എം.എല്‍.എ ഉമേഷ് കട്ടിയുടെ അവകാശവാദത്തേയും സതീഷ് ജാര്‍ക്കിഹോളി പരിഹസിച്ചു. വ്യാഴാഴ്ച വൈകീട്ട് 24 മണിക്കൂര്‍ തികഞ്ഞതോടെ അവകാശവാദം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ അതൃപ്തരായ 15 എം.എല്‍.എമാരുമായി ബന്ധപ്പെട്ടുവരുകയാണെന്നും അവര്‍ തങ്ങളോടൊപ്പം ചേരുന്നതോടെ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുമെന്നും മുന്‍മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ ഉമേഷ് കട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.