ഭോപാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ദ്രുദഗതിയില്‍ നീങ്ങി കോണ്‍ഗ്രസ്. മധ്യപ്രദേശിലെ മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒടുവില്‍ കോണ്‍ഗ്രസിന് അനുകൂലമായാണ് നില്‍ക്കുന്നത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയാലുടന്‍ അര്‍ധരാത്രി തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതാവ് കമല്‍ നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ആനന്ദിബെന്‍ പട്ടേലിന് കത്ത് നല്‍കിയത്.

ഗവര്‍ണ്ണര്‍ക്ക് ഫാക്‌സ് മുഖേനയും ഇ മെയ്ല്‍ മുഖേനയുമാണ് കോണ്‍ഗ്രസ് അപേക്ഷ അയച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക നിലപാട് അറിയാതെ കൂടിക്കാഴ്ചയ്ക്ക് നിവൃത്തിയില്ലെന്നായിരുന്നു രാജ്ഭവന്‍ അറിയിച്ചത്.

തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നും, വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് ഗവര്‍ണ്ണര്‍ക്ക് കത്തയച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നാലുടന്‍ അര്‍ധരാത്രി തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഗോവയിലും മണിപ്പൂരിലും ഭൂരിപക്ഷം നേടിയിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണയോടെ സീറ്റുകളുടെ എണ്ണത്തില്‍ പിന്നിലായിരുന്നു ബി.ജെ.പിയാണ് ഇരു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതില്‍ ഗോവയില്‍ ബി.ജെ.പിയുടെ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയുമായി. ഇത് മധ്യപ്രദേശില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമായിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കത്തെ വിലയിരുത്തപ്പെടുന്നത്.