ന്യൂദൽഹി: പേർഷ്യൻ ഗൾഫിലെ സംഘർഷാവസ്ഥയ്ക്കിടെ ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഓടിക്കാൻ മാനേജ്‌മെന്റ് സമ്മർദം ചെലുത്തുന്നുവെന്ന എസ്.ഒ.എസ് സന്ദേശവുമായി 16 ഇന്ത്യൻ നാവികർ രംഗത്ത്.
മാർഷൽ ദ്വീപുകളുടെ പതാക വഹിക്കുന്ന ‘എഎം പയനിയർ’ എന്ന ഓഫ്‌ഷോർ സപ്ലൈ കപ്പലിലെ ക്യാപ്റ്റൻ അനിൽ രാജ് ഉൾപ്പെടെയുള്ള നാവികരാണ് വീഡിയോ സന്ദേശത്തിലൂടെ സഹായം അഭ്യർഥിച്ചത്.
യു.എ.ഇയിലെ റാസൽഖൈമയിൽ നിന്ന് ഫുജൈറയിലേക്ക് ഹോർമുസ് വഴി സഞ്ചരിക്കാൻ കപ്പൽ മാനേജ്‌മെന്റ് നിർബന്ധിക്കുന്നുവെന്നാണ് നാവികരുടെ പരാതി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ആശയവിനിമയ സംവിധാനങ്ങൾ ഓഫ് ചെയ്തും അപകടകരമായ സാഹചര്യത്തിൽ യാത്ര ചെയ്യാൻ സമ്മർദമുണ്ടെന്നും അവർ പറഞ്ഞു.
സംഘർഷാവസ്ഥ ശമിച്ച് കപ്പൽ ഗതാഗതം സുരക്ഷിതമാകുന്നതുവരെ യാത്ര മാറ്റിവെക്കാമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണയെന്നും നാവികർ പറയുന്നു. എന്നാൽ നിലവിലെ അപകടസാധ്യത നിലനിൽക്കുമ്പോഴും യാത്ര തുടരാൻ സമ്മർദം ശക്തമായതോടെയാണ് എസ്.ഒ.എസ് സന്ദേശം പുറത്തുവിട്ടത്.
ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എഫ്.എസ്.യു.ഐ.) ആണ് നാവികരുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫാർഡ് മാരിടൈം പ്രൈവറ്റ് ലിമിറ്റഡാണ് കപ്പൽ കൈകാര്യം ചെയ്യുന്നത്.
രാത്രിയിൽ ആശയവിനിമയ സംവിധാനങ്ങൾ ഓഫ് ചെയ്ത നിലയിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നത് കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുമെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.
16 നാവികരുടെയും സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം, തുറമുഖ-ഷിപ്പിംങ്-ജലപാത മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് എന്നിവർ അടിയന്തരമായി ഇടപെടണമെന്ന് എഫ്.എസ്.യു.ഐ. ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് പൂർണ ശമ്പളവും കരാർ പ്രകാരമുള്ള കുടിശ്ശികകളും നൽകി സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
ആഗോള ഊർജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ വാണിജ്യ കപ്പൽ ഗതാഗതത്തിനും സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് നാവികരുടെ പരാതി പുറത്തുവരുന്നത്.
Content Highlight:Company accused of forcing 16 Indian seafarers to risk their lives by sailing through Strait of Hormuz; crew seeks help.