ന്യൂദല്‍ഹി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ജെ.പി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് കോളേജ് അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഗന്ന ഉത്പദക് പി.ജി കോളേജിലെ കൊമേഴ്‌സ് വിഭാഗം അധ്യാപകനായ ഡോ.മോഹിത് ഭരദ്വരാജിനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തത് വ്യക്തിപരമായാണെന്നും എന്നാല്‍ സമരത്തില്‍ പങ്കെടുത്തതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കോളേജ് അധികൃതര്‍ തന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് സേവനം അവസാനിച്ചതായി അറിയിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പുറത്താക്കല്‍ നടപടി സ്വീകരിക്കുന്നതിന് മുമ്പ് തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയോ വകുപ്പ് തല അന്വേഷണത്തിന് വിധേയമാക്കുകയോ ചെയ്തിട്ടില്ലെന്നും ഭരദ്വരാജ് പറഞ്ഞു. കോളേജില്‍ രണ്ട് വര്‍ഷമായി ജോലി ചെയ്ത് വരികയാണെന്നും ഇതുവരെ തനിക്കെതിരെ യാതൊരുവിധ പരാതികളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ കോളേജില്‍ നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ച പരാതികളുടെയും അന്വേഷണം നടത്തിയ രേഖകളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും കോളേജ് മാനേജ്‌മെന്റിനും കത്ത് നല്‍കിയിട്ടുണ്ടെന്നും ഭരത്വരാജ് പറഞ്ഞു.
എന്നാല്‍ അധ്യാപകനെ പുറത്താക്കാനുള്ള നടപടി മാനേജ്‌മെന്റിന്റെതാണെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. കോളേജ് ക്യാമ്പസില്‍ രാഷ്ട്രീയം അനുവദിക്കില്ലെന്നും സ്ഥാപനത്തിന്റെ അച്ചടക്കവും അക്കാദമിക അന്തരീക്ഷവും സംരക്ഷിക്കുന്നതിനാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചതെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്.
Content Highlight: College teacher in UP dismissed from service for participating in CJP protest.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.