തെലുങ്കിലും സര്‍വ്വം വാഴ മയം; 11 ദിവസം കൊണ്ട് ആറ് കോടിയോളം നേടി വിജയത്തിനരികെ ചിത്രം
Malayalam Cinema
തെലുങ്കിലും സര്‍വ്വം വാഴ മയം; 11 ദിവസം കൊണ്ട് ആറ് കോടിയോളം നേടി വിജയത്തിനരികെ ചിത്രം
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 6th May 2026, 3:20 pm

2026ലെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിനാണ് സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2 വിലൂടെ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം 200 കോടിയിലധികം നേടി ഇന്‍ഡസ്ട്രി ഹിറ്റടിച്ചാണ് തങ്ങളുടെ ജൈത്രയാത്ര അവസാനിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയരായ ഹാഷിറിന്റെയും ടീമിന്റെയും മികച്ച പ്രകടനവും കെട്ടുറപ്പുള്ള തിരക്കഥയും ചിത്രത്തെ മികച്ച അനുഭവമാക്കി മാറ്റുകയായിരുന്നു.

വാഴ 2. Photo: IMDB

മലയാളത്തില്‍ വലിയ വിജയം നേടിയതിന് പിന്നാലെ വാഴ 2വിന്റെ തെലുങ്ക് വേര്‍ഷനും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ചിത്രത്തിന്റെ മൊഴിമാറ്റിയ പതിപ്പ് നിര്‍മാതാക്കള്‍ തിയേറ്ററുകളിലെത്തിച്ചത്. ഇപ്പോഴിതാ കഴിഞ്ഞ 11 ദിവസങ്ങള്‍ കൊണ്ട് ഏകദേശം 5.73കോടിയോളം രൂപ വാഴ 2വിന്റെ തെലുങ്ക് പതിപ്പ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊഴിമാറ്റിയ മലയാള ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടമാണ് വാഴ 2വിന് നേടാന്‍ സാധിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് 2024 ല്‍ പുറത്തിറങ്ങിയ പ്രേമലുവാണ്. 14കോടിയോളമാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. 13.53 കോടിയുമായി ലോകഃയും 12.5കോടിയുമായി മഞ്ഞുമ്മല്‍ ബോയ്‌സും ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. തിയേറ്ററുകളില്‍ ഇപ്പോഴും മികച്ച പ്രതികരണം ലഭിക്കുന്ന വാഴ 5.5 കോടി കളക്ഷന്‍ നേടിയ ദുല്‍ഖറിന്റെ കുറുപ്പിനെ മറികടന്ന് ലിസ്റ്റില്‍ ആറാംസ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്.

രാംചണിനൊപ്പം വാഴ 2 ടീം. Photo: Facebook.com

1.5 കോടി മുതല്‍ 1.8 കോടി വരെ തിയേറ്ററുകളില്‍ നിന്നും നേടിയാല്‍ വാഴ 2വിന്റെ തെലുങ്ക് വേര്‍ഷന്‍ വിജയമായി പ്രഖ്യാപിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയും നേടാനായാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാനയുടെ കളക്ഷന്‍ വെട്ടിച്ച് പുലിമുരുകന് (10.30കോടി) താഴെയായി സ്ഥാനമുറപ്പിക്കാന്‍ വാഴ 2വിന് സാധിക്കും.

Content Highlight: Collection report of vaazha 2 movie telugu version

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.