വലിയ സിനിമകള്‍ പരാജയപ്പെടുകയും ചെറിയ സിനിമകള്‍ വിജയിക്കുകയും ചെയ്യുന്ന കാഴ്ചക്കാണ് തമിഴ് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. അത്തരത്തില്‍ തിയേറ്ററുകളിലെത്തി വമ്പന്‍ വിജയം സ്വന്തമാക്കിയ തമിഴ് ചിത്രമാണ് വിത്ത് ലവ്. നവാഗതനായ മദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അബിഷന്‍ ജീവിന്തും അനശ്വര രാജനുമാണ് പ്രധാനവേഷത്തിലെത്തിയത്.
സ്‌കൂള്‍ കാലഘട്ടത്തില്‍ പറയാനാകാതെ പോയ പ്രണയം വീണ്ടും പറയാന്‍ ശ്രമിക്കുന്ന നായകന്റെയും നായികയുടെയും കഥയാണ് വിത്ത് ലവ് പറയുന്നത്. സ്‌കൂള്‍ കാലഘട്ടത്തിലെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ ചിത്രമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കഥയിലെ പുതുമയ്‌ക്കൊപ്പം ചില ക്ലീഷേ ബ്രേക്കിങ്ങും സംവിധായകന്‍ ഈ ചിത്രത്തില്‍ നടത്തിയിട്ടുണ്ട്.
നായികയായ മോനിഷ തന്റെ സ്‌കൂള്‍ കാലത്തില്‍ പ്രണയിക്കുന്നത് ക്ലാസിലെ പഠിപ്പിസ്റ്റ് പയ്യനെയാണ്. പരീക്ഷയിലെല്ലാം തോല്‍ക്കുന്ന, ക്ലാസില്‍ കയറാതെ നടക്കുന്ന കഥാപാത്രമായ മോനിഷക്ക് പഠിപ്പിസ്റ്റ് പയ്യനോട് പ്രണയം തോന്നുന്നത് ഇതുവരെയുണ്ടായിരുന്ന ക്ലീഷേകളെയെല്ലാം തകര്‍ക്കുന്നത് പോലെയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
നായകന്മാരുടെ വണ്‍ സൈഡ് ലവ് പല സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും നായികയുടെ വണ്‍ സൈഡ് പ്രണയം അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും കമന്റുകളുണ്ട്. അനശ്വരയുടെ ഗംഭീര പെര്‍ഫോമന്‍സായിരുന്നെന്നും പലരും അഭിപ്രായപ്പെടുന്നു. ഡബ്ബിങ്ങില്‍ ചെറുതായി മലയാളം കയറിവരുന്നത് പോരായ്മയായെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.
ടൂറിസ്റ്റ് ഫാമിലിയുടെ സംവിധായകനായ അബിഷന്‍ ജീവിന്ത് നായകനായി അരങ്ങേറിയ ചിത്രം കൂടിയാണ് വിത്ത് ലവ്. സംവിധാനം മാത്രമല്ല, അഭിനയവും തനിക്ക് വഴങ്ങുമെന്ന് ആദ്യചിത്രത്തിലൂടെ അബിഷന്‍ തെളിയിച്ചു. അനശ്വര- അബിഷന്‍ കെമിസ്ട്രി തന്നെയായിരുന്നു വിത്ത് ലവിന്റെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്ന്.
ഷോണ്‍ റോള്‍ഡന്റെ സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ചു. അബിഷനും അനശ്വരക്കും പുറമെ കാവ്യ അനിലും കൈയടി നേടുന്നുണ്ട്. അനീഷ എന്ന കഥാപാത്രമായി ഗംഭീര പെര്‍ഫോമന്‍സാണ് കാവ്യ കാഴ്ചവെച്ചത്. പ്രൊപ്പോസല്‍ സീന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ സീനുകള്‍ വൈറലാകുമെന്ന് ഉറപ്പാണ്.
Content Highlight: Cliché breaking scene in With Love movie getting appreciation