ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാനുള്ള ദിവസവും സമയവും പറയാന്‍ ദല്‍ഹി പൊലീസിന് 24 മണിക്കൂര്‍ സമയം നല്‍കി സി.ജെ.പി. ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ അനുമതിക്ക് 10 ദിവസം മുമ്പ് മുന്‍കൂട്ടി തങ്ങളെ സമീപിക്കണമെന്ന് ദല്‍ഹി പൊലീസ് അവകാശപ്പെടുന്ന സാഹചര്യത്തിലാണിത്.
10 ദിവസം മുമ്പ് തങ്ങളെ സമീപിക്കണമെന്ന് പറയുന്ന പൊലീസിന് പ്രതിഷേധത്തിന്റെ ദിവസവും സമയവും തങ്ങളെ അറിയിക്കാനുള്ള അവസരം തങ്ങള്‍ നല്‍കുകയാണെന്ന് സി.ജെ.പി സഹ കണ്‍വീനര്‍ സൗരവ് ദാസ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ദല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലെത്തി സി.ജെ.പി നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് പ്രതിഷേധത്തിന് ദിവസവും സമയവും അറിയിക്കാന്‍ പൊലീസിന് 24 മണിക്കൂര്‍ സമയം നല്‍കിയതെന്നും സൗരവ് വ്യക്തമാക്കി.
24 മണിക്കൂറിനുള്ളില്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാനുള്ള തീയതി അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ പുതിയ പ്രതിഷേധം പ്രഖ്യാപിക്കുമെന്നും സി.ജെ.പി മുന്നറിയിപ്പ് നല്‍കി.
‘പ്രതിഷേധം നടത്തണമെങ്കില്‍ 10 ദിവസം മുമ്പ് തങ്ങളെ സമീപിക്കണമെന്നാണ് പോലീസ് എല്ലാവരോടും പറയുന്നത്. അതുകൊണ്ട്, ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനുള്ള തീയതിയും സമയവും ഞങ്ങളെ അറിയിക്കാനുള്ള അവസരം ഞങ്ങള്‍ അവര്‍ക്ക് നല്‍കുകയാണ്.
ഇതിനായി ഞങ്ങള്‍ അവര്‍ക്ക് 24 മണിക്കൂര്‍ സമയപരിധി നല്‍കുന്നു. 24 മണിക്കൂറിനുള്ളില്‍ തീയതി അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ പുതിയ പ്രതിഷേധം ആരംഭിക്കും,’ ദാസ് പറഞ്ഞു.
ദല്‍ഹിയിലെ നിയന്ത്രണങ്ങളെയും സി.ജെ.പി വിമര്‍ശിച്ചു. ഈ നിയന്ത്രണങ്ങള്‍ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഉത്സവ സീസണില്‍ കടകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരാക്കുന്നതായും സി.ജെ.പി സഹ കണ്‍വീനര്‍ അശുതോഷ് രങ്ക പറഞ്ഞു.
ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്താനുള്ള ദിവസം എന്നാണെന്ന് ചോദിക്കാന്‍ ദല്‍ഹി പൊലീസിനെ തങ്ങള്‍ കാണുമെന്ന് അശുതോഷ് രങ്ക ഞായറാഴ്ച എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു.
Content Highlight: CJP warns of fresh protest call if Delhi Police fails to allot Jantar Mantar date within 24 hours
