ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായും ഇന്ത്യന്‍ പ്രധാനമന്ത്രിയായും അധികാര സ്ഥാനത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രമേയം പാസാക്കിയതിനെ വിമര്‍ശിച്ച് സി.ജെ.പി.
‘ബി.ജെ.പിക്ക് ആഘോഷത്തിമിര്‍പ്പ്! അവരെ സംബന്ധിച്ചിടത്തോളം രാജ്യം നശിച്ചാല്‍ അവര്‍ക്കെന്ത്?,’ സി.ജെ.പി സഹ കണ്‍വീനര്‍ സൗരവ് ദാസ് എക്‌സ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. പ്രമേയത്തെക്കുറിച്ചുള്ള മറ്റൊരു എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സൗരവിന്റെ പ്രതികരണം.
‘പ്രധാനമന്ത്രി മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭ, പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചുകൊണ്ട് പ്രമേയം പാസാക്കി,’ എന്ന് മാധ്യം എന്ന അക്കൗണ്ടില്‍ നിന്നുള്ള ഈ എക്‌സ് പോസ്റ്റില്‍ പറയുന്നു.
സി.ജെ.പി സഹ കണ്‍വീനറായ അഷുതോഷ് റാങ്കയും ഈ പ്രമേയത്തെ വിമര്‍ശിച്ചു. ഗ്രാമങ്ങള്‍ കത്തി നശിച്ചാലും ബി.ജെ.പിയുടെ ആളുകള്‍ ആഘോഷിച്ചുകൊണ്ടിരിക്കുമെന്ന് അഷുതോഷ് റാങ്ക അഭിപ്രായപ്പെട്ടു.
മോദിയെ അഭിനന്ദിച്ചുകൊണ്ട് മന്ത്രിസഭ പ്രമേയം പാസാക്കിയതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു നേരത്തെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പ്രമേയത്തെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പും റിജിജു പങ്കുവെച്ചിരുന്നു.
‘ഭരണത്തലവന്‍ എന്ന നിലയില്‍ 25 വര്‍ഷത്തെ തുടര്‍ച്ചയായ നേതൃത്വം പൂര്‍ത്തിയാക്കിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭ പ്രമേയം പാസാക്കി,’ റിജിജു എക്‌സ് പോസ്റ്റില്‍ കുറിച്ചു.
നേഷന്‍ ഫസ്റ്റ്, സിറ്റിസണ്‍ ഫസ്റ്റ് എന്നീ ഉറച്ച തത്ത്വങ്ങളാല്‍ രൂപപ്പെടുത്തിയ ഈ യാത്രപ്പെടുത്തിയ സുപ്രധാനമായ ഒരു നാഴികക്കല്ലാണിതെന്നും മോദിയുടെ 25-ാം വാര്‍ഷികത്തെക്കുറിച്ച് റിജിജുവിന്റെ പോസ്റ്റില്‍ പറയുന്നു.
‘സര്‍ക്കാര്‍ തലവനെന്ന നിലയില്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ നേതൃത്വം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭ ഇന്ന് ഒരു പ്രമേയം പാസാക്കി.
കേവലം ഒരു പതിവ് ആദരവ് അര്‍പ്പിക്കലിനപ്പുറം നേഷന്‍ ഫസ്റ്റ്, സിറ്റിസണ്‍ ഫസ്റ്റ് എന്നീ ഉറച്ച തത്ത്വങ്ങളാല്‍ നയിക്കപ്പെട്ട പ്രധാനമന്ത്രി മോദിയുടെ അസാധാരണമായ യാത്രയെയാണ് ഈ പ്രമേയം ആഘോഷിക്കുന്നത്,’ എന്ന് റിജിജു പങ്കുവെച്ച വാര്‍ത്താക്കുറിപ്പിലും പറയുന്നു.
ഗുജറാത്തിലെ മൂന്ന് വമ്പന്‍ ജനവിധികളും കൂടാതെ തുടര്‍ച്ചയായ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച ഉറച്ച വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് പ്രമേയത്തില്‍ അവകാശപ്പെടുന്നു.
‘ദൈനംദിന ജീവിതത്തിലെ പ്രയാസങ്ങള്‍ക്കിടയില്‍ അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ കണ്ടും, യാത്രകളിലുടനീളം കണ്ട ദാരിദ്ര്യം നേരിട്ടറിഞ്ഞും വളര്‍ന്നുവന്നതാണ് ദരിദ്രരോടുള്ള പ്രധാനമന്ത്രി മോദിയുടെ സഹാനുഭൂതി. വീട്, കുടിവെള്ളം, ബാങ്കിംഗ്, ആരോഗ്യം എന്നിവ ലഭ്യമാക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന് ഈ അനുഭവങ്ങള്‍ മോദിക്ക് പ്രേരണയയി,’ എന്നും പ്രമേയം അവകാശപ്പെടുന്നു.
Content Highlight: CJP Leaders Critisize Union Government and BJP on Celebrations of 25 years of Modi in Power
