ജയ്പൂർ: രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിനെ വെല്ലുവിളിച്ച് കോക്രോച് ജനത പാർട്ടി (സി.ജെ.പി) സഹ കൺവീനർ ആശുതോഷ് റങ്ക. മന്ത്രിയുടെ കാലയളവിൽ നിർമിച്ച മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിടണമെന്നാണ് ആശുതോഷ് ആവശ്യപ്പെട്ടത്. പട്ടിക ലഭിച്ചാൽ തന്റെ സംഘത്തോടൊപ്പം ഈ സ്കൂളുകൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ മൂന്ന് ദിവസം ചെലവഴിച്ച ശേഷം ജയ്പൂരിലേക്ക് മടങ്ങുകയാണെന്നും അടുത്ത ദിവസങ്ങളിൽ സംഘത്തോടൊപ്പം രാജസ്ഥാനിലെ സ്കൂളുകൾ സന്ദർശിക്കുമെന്നും ആശുതോഷ് എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി.
‘നിങ്ങളുടെ കാലയളവിൽ നിർമിച്ച ഏറ്റവും മികച്ച 10 സ്കൂളുകൾ പറയൂ. ഞാനും എന്റെ സംഘവും അവിടെയും സന്ദർശിക്കും. കാണിച്ചുതരാൻ കുറഞ്ഞത് 10 മികച്ച സ്കൂളുകളെങ്കിലും നിങ്ങൾക്കുണ്ടാകുമല്ലോ?’ എന്നായിരുന്നു മദൻ ദിലാവറിനോടുള്ള ആശുതോഷിന്റെ ചോദ്യം.
നേരത്തെ സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് നിയന്ത്രിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെയും ആശുതോഷ് മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ജീർണാവസ്ഥയിലുള്ള സ്കൂളുകളുടെ പരിശോധന തുടരുമെന്നും പൊലീസ് നടപടി സ്വീകരിച്ചാലും പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘രാജസ്ഥാനിലെ ജീർണാവസ്ഥയിലുള്ള എല്ലാ സ്കൂളുകളും നന്നാക്കുക, അല്ലെങ്കിൽ ഞങ്ങൾക്കെതിരെ മുൻകൂട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. വേണമെങ്കിൽ മുൻകൂട്ടി അറസ്റ്റ് ചെയ്യുകയും ചെയ്യാം. എന്നാൽ രാജസ്ഥാനിലെ എല്ലാ സ്കൂളുകളും ശരിയാകുന്നതുവരെ ഞങ്ങൾ പരിശോധന നിർത്തില്ല,’ എന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 16ന് രാജസ്ഥാൻ ബിക്കാനീറിലെ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ ലളിത് കുമാർ പുറത്തിറക്കിയ ഉത്തരവാണ് വിവാദത്തിന് തുടക്കമിട്ടത്. സർക്കാർ സ്കൂളുകളിലെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവിൽ ‘In Loco Parentis’ തത്വം, ഭരണഘടനയുടെ ആർട്ടിക്കിൾ 21, സുപ്രീം കോടതിയുടെ കെ.എസ്. പുട്ടസ്വാമി സ്വകാര്യതാ വിധി, ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ മാർഗനിർദേശങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രിൻസിപ്പലിന്റെയോ സ്ഥാപന മേധാവിയുടെയോ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർക്ക് സ്കൂൾ പരിസരത്ത് പ്രവേശിക്കാനാകില്ലെന്നാണ് ഉത്തരവിലെ പ്രധാന നിർദേശം. ഔദ്യോഗിക ചുമതല നിർവഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇളവ്. സ്കൂളിലെത്തുന്ന എല്ലാ സന്ദർശകരും രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.
അധ്യാപകനോ ജീവനക്കാരനോ കൂടെയില്ലാതെ ക്ലാസ് മുറികൾ, ലബോറട്ടറികൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, കായിക മൈതാനങ്ങൾ, ശുചിമുറികൾ, വിദ്യാർഥികളുടെ പ്രവർത്തന മേഖലകൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ട്. വിദ്യാർഥികളെയോ അധ്യാപകരെയോ സ്കൂൾ പ്രവർത്തനങ്ങളെയോ ഉൾപ്പെടുത്തി ഫോട്ടോ, വീഡിയോ, അഭിമുഖം, ഓഡിയോ റെക്കോർഡിങ്, ലൈവ് സ്ട്രീമിങ് എന്നിവ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ നടത്താനും പാടില്ല.
അതേസമയം, സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സി.ജെ.പി ഓഗസ്റ്റ് 15ന് ആരംഭിച്ച ‘സ്കൂൾ ഠീക് കരോ’ ക്യാംപയിനിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തുന്നതെന്ന് ആശുതോഷ് വ്യക്തമാക്കുന്നു.
സ്കൂളുകളിലെ കുടിവെള്ള സൗകര്യം, ശുചിമുറികളുടെ പ്രവർത്തനക്ഷമത, ക്ലാസ് മുറികളിലെ വൈദ്യുതി, ലൈറ്റ്, ഫാൻ സൗകര്യങ്ങൾ, കെട്ടിടങ്ങളുടെയും ക്ലാസ് മുറികളുടെയും സുരക്ഷ തുടങ്ങിയവ പരിശോധിച്ച് പോരായ്മകൾ രേഖപ്പെടുത്തുകയാണ് ക്യാംപയിന്റെ ലക്ഷ്യം. കണ്ടെത്തുന്ന പ്രശ്നങ്ങൾ ചിത്രങ്ങളും മറ്റ് തെളിവുകളും സഹിതം പ്രാദേശിക അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സി.ജെ.പി പറയുന്നു.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനുള്ള ഒരു സാമൂഹിക ഓഡിറ്റായാണ് ‘സ്കൂൾ ഠീക് കരോ’ ക്യാംപയിനെ സി.ജെ.പി അവതരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരിശോധനകളും സർക്കാർ ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങളും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ രാജസ്ഥാനിൽ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നത്.
Content Highlight:CJP Challenges Rajasthan Education Minister: ‘Show Us the Top 10 Schools,’ Says Ashutosh Ranka.