ക്യാമറയിലൂടെ നോക്കുമ്പോള്‍ നൂറ് ശതമാനം മമ്മൂക്ക ക്യാരക്ടറാകും: ഛായാഗ്രാഹകന്‍ ഫൈസല്‍ അലി
Malayalam Cinema
ക്യാമറയിലൂടെ നോക്കുമ്പോള്‍ നൂറ് ശതമാനം മമ്മൂക്ക ക്യാരക്ടറാകും: ഛായാഗ്രാഹകന്‍ ഫൈസല്‍ അലി
ഐറിന്‍ മരിയ ആന്റണി
Monday, 2nd February 2026, 9:20 am

മലയാള സിനിമയില്‍ ശ്രദ്ധേയനായ ഛായാഗ്രഹകനാണ് ഫൈസല്‍ അലി. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ഓര്‍ഡിനറി എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച് കൊണ്ട് തന്റെ കരിയര്‍ തുടങ്ങിയ അദ്ദേഹം ത്രീ ഇഡിയറ്റ്‌സ്, നദികളില്‍ സുന്ദരി യമുന തുടങ്ങി 20-ഓളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ കളങ്കാവലാണ് ഫൈസല്‍ അലിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി കമ്പനി നിര്‍മിച്ച കളങ്കാവല്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.

Photo: ഫൈസല്‍ അലി/ Facebook.com

ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ ആദ്യമായി ക്യാമറയിലൂടെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഫൈസല്‍ അലി.

‘ആദ്യചിത്രം ‘ഓര്‍ഡിനറി’ ആയിരുന്നു. ഒരുപാട് യാത്ര ചെയ്തും ലൊക്കേഷനുകള്‍ കാണാന്‍ പോവുകയുമൊക്കെ ചെയ്ത ചിത്രമാണത്. മമ്മൂട്ടിയിലേക്ക് വരുമ്പോള്‍ ഒരുപാട് തരം കഥാപാത്രങ്ങളിലൂടെ നമ്മെ അമ്പരപ്പിച്ച, ഇപ്പോഴും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന വലിയ താരമാണ് അദ്ദേഹം.

ക്യാമറയിലൂടെ നോക്കുമ്പോള്‍ നൂറുശതമാനം ക്യാരക്ടറായി മാറിവരുന്ന വ്യക്തിയാണ് മുമ്പില്‍. സിനിമയില്‍ എത്ര സ്ത്രീകളുണ്ടോ, അവരോടെല്ലാം ഓരോ രീതിയിലാണ് സ്റ്റാന്‍ലിയെന്ന കഥാപാത്രം സംസാരിക്കുന്നത്,’ ഫൈസല്‍ അലി പറയുന്നു.

ടെക്‌നിക്കല്‍ സൈഡ്, സ്റ്റോറി ടെല്ലിങ് സ്‌റ്റൈല്‍ തുടങ്ങി സിനിമ ഒരുപാട് മാറ്റങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഇതൊക്കെ പോസിറ്റീവായി കാണുന്നയാളാണ് താനെന്നും ഫൈസല്‍ അലി പറയുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ആവേശമുണ്ടാക്കുന്ന തിരക്കഥകള്‍ തേടിപ്പോവാറുണ്ടെന്നും എപ്പോഴും നമ്മള്‍ സ്വയം നവീകരിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമ ഇന്ത്യയില്‍ നമ്പര്‍ വണ്ണാണെന്നും നല്ല കഥകളുടെ ഒരു ബാക്കപ്പ് നമുക്കുണ്ടെന്നും ഫൈസല്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും നല്ല സ്‌ക്രിപ്റ്റ് സംഭവിച്ചുകൊണ്ടിരിക്കുന്നത് മലയാളത്തിലാണെന്നും സിനിമാറ്റോഗ്രാഫിയുടെ കാര്യത്തിലും മലയാള സിനിമ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി വില്ലനും വിനായകന്‍ നായകനുമായെത്തിയ സിനിമയായിരുന്നു കളങ്കാവല്‍. ചിത്രത്തില്‍ സ്ത്രീകളെ വശീകരിച്ച് പ്രണയത്തിലാഴ്ത്തുകയും, ലൈംഗികബന്ധത്തിന് ശേഷം അവരെ കൊലപ്പെടുത്തുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന സൈക്കാ കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.

Content  Highlight: Cinematographer Faisal Ali talks about Mammootty and the movie Kaamkaval

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.