ഐ ആം ഗെയിമും ഖലീഫയും വിജയിക്കേണ്ടത് മലയാള സിനിമാ പ്രേമികളായ നമ്മുടെ കൂടി ആവശ്യം; വൈറലായി പോസ്റ്റ്
Malayalam Cinema
ഐ ആം ഗെയിമും ഖലീഫയും വിജയിക്കേണ്ടത് മലയാള സിനിമാ പ്രേമികളായ നമ്മുടെ കൂടി ആവശ്യം; വൈറലായി പോസ്റ്റ്
അശ്വിന്‍ രാജേന്ദ്രന്‍
Monday, 3rd August 2026, 7:36 pm

രാജ്യത്തെ മികച്ച ഫിലിം ഇന്‍ഡസ്ട്രി ഏതെന്ന ചോദ്യത്തിന് മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന ഉത്തരമായിരിക്കും മോളിവുഡ്. അന്യഭാഷ ഇന്‍ഡസ്ട്രികള്‍ പലതും ക്ലീഷേ മാസ് മസാല ആക്ഷന്‍ ചിത്രങ്ങളില്‍ തന്നെ ശ്രദ്ധി കേന്ദ്രീകരിക്കുമ്പോള്‍ മനുഷ്യജീവിതത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നും പുറത്ത് വരാറുള്ളത്. ഇവയില്‍ പലതും കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ അടക്കമുള്ള അന്താരാഷ്ട്ര മേളകളില്‍ നിന്നും വലിയ നിരൂപക പ്രശംസ നേടിയവായാണെന്നും കാണാം. അടുത്തിടെ പുറത്തിറങ്ങിയ ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ് തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്.

ഐ ആം ഗെയിo. Photo: X.com

എന്നാല്‍ വമ്പന്‍ മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്കും മലയാളത്തില്‍ വലിയ ആരാധകരുണ്ട്. ഇത്തരത്തിലുള്ള പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഓണത്തിന് റിലീസിനൊരുങ്ങുന്ന ഐ ആം ഗെയിമും, ഖലീഫയും. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങിയിരിക്കുന്ന രണ്ട് ചിത്രങ്ങളും ഒരേ ദിവസം ക്ലാഷിനെത്തുമ്പോള്‍ വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികള്‍ക്കുള്ളത്. അതേസമയം വലിയ ഹൈപ്പിലെത്തുന്ന ഇത്തരം ചിത്രങ്ങള്‍ പരാജയപ്പെടുമോ എന്ന ഭയവും പലര്‍ക്കുമുണ്ട്. എന്നാല്‍ പൃഥ്വിരാജ് നായകനാകുന്ന ഖലീഫയും ദുല്‍ഖര്‍ നിര്‍മിച്ച് നായകവേഷത്തിലെത്തുന്ന ഐ ആം ഗെയിമും വിജയിക്കേണ്ടത് ഓരോ മലയാളി സിനിമാ പ്രേമിയുടെയും ആവശ്യമാണെന്ന് പറയുന്ന പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

പേട്രിയറ്റ്. Photo: X.com

മലയാളത്തില്‍ വലിയ വിജയങ്ങള്‍ ഈ വര്‍ഷമുണ്ടായിട്ടുണ്ടെങ്കിലും ഒരു കൊമേഷ്യല്‍ ചിത്രം വിജയിക്കാത്തതിന്റെ കുറവ് കേരള ബോക്‌സ് ഓഫീസിലുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. വലിയ മുതല്‍മടക്കില്‍ വമ്പന്‍ സ്‌കെയിലില്‍ പുറത്തിറക്കുന്ന ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും വേണ്ട രീതിയില്‍ കളക്ഷന്‍ കിട്ടാതെ പരാജയപ്പെടുന്നത് ഇത്തരത്തിലുള്ള പ്രൊജക്ടുകള്‍ ഭാവിയില്‍ മലയാളത്തില്‍ നിര്‍മിക്കുന്നതിനെ കാര്യമായി ബാധിക്കുന്നു. വലിയ മുടക്കുമുതല്‍ ആവശ്യമായി വരുന്ന ചിത്രങ്ങള്‍ നിര്‍മിക്കണമെങ്കില്‍ ഈ മുടക്കുമുതല്‍ ബോക്‌സ് ഓഫീസില്‍ നിന്നും തിരിച്ച് കിട്ടുമെന്ന പ്രതീക്ഷ നല്‍കേണ്ടതുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

Photo: X.com

ഈ വര്‍ഷം വലിയ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ പേട്രിയറ്റ്, കാട്ടാളന്‍, പള്ളിച്ചട്ടമ്പി എന്നീ ചിത്രങ്ങള്‍ പരാജയമായ സാഹചര്യത്തിലാണ് പോസ്റ്റ് പ്രസക്തമാവുന്നത്. മലയാളത്തില്‍ നിന്നും ഇന്നേവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം എന്ന പ്രത്യേകതയോടെയായിരുന്നു പേട്രിയറ്റ് തിയേറ്ററുകളിലെത്തിയത്. 125 കോടിയിലധികം ചെലവിട്ട് നിര്‍മിച്ച ചിത്രത്തിന് 70 കോടിയോളം മാത്രമാണ് നേടാന്‍ സാധിച്ചത്. വലിയ താരനിര ഉണ്ടായിരുന്നിട്ടും ചിത്രം പരാജയപ്പെട്ടത് വലിയ മുതല്‍മുടക്കില്‍ ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങിയവര്‍ക്ക് ഭീഷണിയായിരുന്നു.

Content Highlight: Cinema Pages says that the financial victory of Upcoming movies in malayalam for the wellbeing of industry

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.