ചത്തീസ്ഗഢ്: ഗുസ്തി താരങ്ങളുടെ സമരത്തില്‍ രണ്ട് തവണ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെ വിളിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഹരിയാന ബി.ജെ.പി നേതാവ് ചൗധരി ബീരേന്ദ്ര സിങ്. ജനവികാരം ഗുസ്തി താരങ്ങള്‍ക്കൊപ്പമാണെന്നും ബ്രിജ് ഭൂഷണെ രക്ഷിക്കാനുള്ള കണക്കുകൂട്ടല്‍ ബി.ജെ.പിക്കുണ്ടെങ്കില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പറഞ്ഞതായി അദ്ദേഹം ദി പ്രിന്റിനോട് പറഞ്ഞു.

ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ കേന്ദ്ര മന്ത്രി കൂടിയാണ് ചൗധരി. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് താന്‍ നദ്ദയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ നദ്ദയെ കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി സന്ദര്‍ശിച്ചിരുന്നു. അത് മെയ് ഏഴിനോ എട്ടിനോ ആയിരുന്നു. എനിക്ക് കൃത്യമായി ഓര്‍മയില്ല. ഈ പ്രശ്‌നം ഗുരുതരമാണെന്നും ബി.ജെ.പിക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഞാന്‍ പറഞ്ഞു.

കായിക വകുപ്പ് മന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്,’ ചൗധരി പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ താന്‍ വീണ്ടും നദ്ദയെ വിളിച്ചിരുന്നുവെന്നും അവര്‍ തമ്മില്‍ സംസാരിച്ച കാര്യത്തെ കുറിച്ച് ഓര്‍മപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘ബ്രിജ് ഭൂഷണ്‍ സിങ്ങിനെ രക്ഷിക്കാന്‍ എന്തെങ്കിലും തരത്തിലുമുള്ള കണക്കുകൂട്ടലുകള്‍ പാര്‍ട്ടിക്ക് ഉണ്ടെങ്കില്‍ അത് തെറ്റാണ്. അതിന് വലിയ വില നല്‍കേണ്ടി വരും,’ ചൗധരി പറഞ്ഞു.

ഇത്തരം ആരോപണങ്ങള്‍ മറ്റാര്‍ക്കെങ്കിലും ആയിരുന്നെങ്കില്‍ പൊലീസ് ഉടനെ കേസ് എടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് തങ്ങള്‍ ലൈംഗികാതിക്രമം നേരിട്ടതായി ഗുസ്തി താരങ്ങള്‍
പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ സൂചിപ്പിക്കുന്നതെന്നും അത് ചെറിയൊരു കാര്യമല്ലെന്നും ചൗധരി പറഞ്ഞു.

നേരത്തെ ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി പ്രീതം മുണ്ടെ രംഗത്തെത്തിയിരുന്നു. താരങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് എം.പി. പറഞ്ഞത്.

content highlight: chudari birendra sing about wrestling protest