കുട്ടികളുടെ ആരോഗ്യം മുഖ്യം; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡ് നിരോധിച്ച് കര്‍ണാടക
India
കുട്ടികളുടെ ആരോഗ്യം മുഖ്യം; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡ് നിരോധിച്ച് കര്‍ണാടക
നിഷാന. വി.വി
Saturday, 1st August 2026, 9:01 am

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളിലും 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡിന്റെ വില്‍പ്പന, വിതരണം, പരസ്യം, പ്രമോഷന്‍ എന്നിവ നിരോധിച്ച് കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ്. പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങളാണ് ഇത്തരത്തില്‍ നിരോധിച്ചിരിക്കുന്നത്.

കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനും ജങ്ക് ഫുഡിന്റെ വര്‍ധിച്ച് വരുന്ന ഉപഭോഗം തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. 2020 ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ക്യാമ്പസുകളില്‍ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം മാത്രമേ ലഭ്യമാകുന്നുള്ളുവെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍, കോളേജ് മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

ആരോഗ്യകരമായ ഭക്ഷ്യ തെരഞ്ഞെടുപ്പുകളെക്കുറിച്ചും കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതല്‍ അടങ്ങിയ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായുള്ള പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ഉയര്‍ന്ന അളവില്‍ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രൈറ്റ് നല്‍കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം. പാസ്ത, സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍, തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമെന്നും സുസ്ഥിരമായ ഊര്‍ജം നല്‍കുന്നതിനും ഏകാകൃതവര്‍ധിപ്പിക്കുന്നതിനും ഇവയ്ക്ക് പകരം പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവ ഉപയോഗിച്ച് ഭക്ഷണക്രമം സന്തുലിതമാക്കണമെന്നും ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളിലോ 50 മീറ്റര്‍ ചുറ്റളവിലോ പ്രവര്‍ത്തിക്കുന്ന കാന്റീനുകള്‍, ബേക്കറികള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ എന്നിവയുള്‍പ്പെടെയുള്ള കടയുടമകള്‍ 2006 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമം പാലിക്കുകയും ആവശ്യമായ ലൈസന്‍സുകള്‍ നേടുകയും ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പതിവായി പരിശോധനകള്‍ നടത്തി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും ഇത്തരം ഭക്ഷണങ്ങളുടെ വില്‍പ്പന നിരോധിക്കുന്ന സൈന്‍ബോര്‍ഡുകള്‍ പ്രധാന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഭക്ഷ്യവകുപ്പ് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങളും ചട്ടങ്ങളും പ്രകാരം നടപടിയെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Children’s health paramount; Karnataka bans junk food within a 50-meter radius of educational institutions.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.