അലഹാബാദ്: കാണ്‍പൂര്‍ നഗര്‍ ജില്ലാ കോടതി വളപ്പിലെ ചേമ്പറില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ബാലവിവാഹം നടത്തുകയും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്ത അഭിഭാഷകനെതിരെ ക്രിമിനല്‍ കേസ് അടക്കമുള്ള കര്‍ശന നടപടികള്‍ക്ക് ഉത്തരവിട്ട് അലഹാബാദ് ഹൈക്കോടതി.
കാണ്‍പൂര്‍ നഗര്‍ ജില്ലാ കോടതിയിലെ അഭിഭാഷകനും ആര്യസമാജ് പ്രതിനിധി സഭയുടെ നേതാവുമായ പ്രകാശ് പാണ്ഡെയ്ക്കെതിരെയാണ് ജസ്റ്റിസ് രജനീഷ് കുമാര്‍, ജസ്റ്റിസ് ബബിത റാണി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
‘ഇയാളുടെ പ്രവൃത്തി അഭിഭാഷക സമൂഹത്തിന് തന്നെ വലിയ അപമാനമാണ്. അഭിഭാഷകന്റെ ലൈസന്‍സ് റദ്ദാക്കാന്‍ യു.പി ബാര്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,’ കോടതി പറഞ്ഞു.
പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ നല്‍കിയ ഹരജി പരിഗണിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് മാത്രം അടിസ്ഥാനമാക്കിയാണ് വിവാഹം നടത്തിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിയുടെ ജനനത്തീയതി 2008 ഒക്ടോബര്‍ 16 ആണെന്ന് കണ്ടെത്തി.
അതായത് വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിരുന്നില്ല. വയസ് തെളിയിക്കുന്ന വിദ്യാഭ്യാസ രേഖകള്‍ പരിശോധിക്കാതെയാണ് അഭിഭാഷകന്‍ നിയമവിരുദ്ധമായി ബാലവിവാഹം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കോടതി ഗേറ്റില്‍ വെച്ച് പരിചയപ്പെട്ട ദമ്പതിമാരില്‍ നിന്ന് 15,000 രൂപ വാങ്ങി ചേമ്പറില്‍ വെച്ച് മാലയിടലും സിന്ദൂരം ചാര്‍ത്തലും അഭിഭാഷകന്‍ നടത്തിയെന്നും ആര്യസമാജ് തത്ത്വങ്ങള്‍ പ്രകാരം വിവാഹത്തിന് നിര്‍ബന്ധമായ ‘സപ്തപദി’ ചടങ്ങുകള്‍ പോലും നടത്തിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കോടതി കണ്ടെത്തി.
സര്‍ട്ടിഫിക്കറ്റിലെ സീരിയല്‍ നമ്പര്‍ (A-14758) മുമ്പ് 2023-ല്‍ മറ്റൊരു ദമ്പതികള്‍ക്ക് നല്‍കിയ അതേ നമ്പറായിരുന്നു. കുറ്റം നിഷേധിക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും, ജയിലില്‍ കഴിയുകയായിരുന്ന ആണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് അന്വേഷണം നടത്തിയതോടെ ചേമ്പറിന്റെ പെയിന്റും ഫ്‌ലെക്‌സും മാറ്റിയിട്ടും സംഭവം നടന്ന സ്ഥലം കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞു.
സംഭവത്തില്‍ അഭിഭാഷകനെതിരെ ക്രിമിനല്‍ വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. ദമ്പതികളില്‍ നിന്ന് വാങ്ങിയ 15,000 രൂപ നാല് ആഴ്ചയ്ക്കകം കോടതിയില്‍ കെട്ടിവെക്കാനും നിര്‍ദേശിച്ചു.
അഭിഭാഷകരുടെ ചേമ്പറുകളോ ഓഫീസുകളോ വിവാഹ വേദികളാക്കി മാറ്റരുതെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയണമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ഉള്‍പ്പെട്ട ആര്യസമാജ് സ്ഥാപനത്തിന് തുടര്‍ ഉത്തരവുണ്ടാകുന്നത് വരെ യാതൊരുവിധ ചടങ്ങുകളും നടത്താന്‍ പാടില്ലെന്ന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Child marriage and fake certificate: Allahabad High Court takes strict action against lawyer.
