കമല്‍ സാറിന്റെ കൂടെയിരുന്ന് മരുതനായകത്തിന്റെ റീമാസ്റ്റര്‍ ചെയ്ത ചില ഭാഗങ്ങള്‍ കണ്ടു, മാസ്റ്റര്‍പീസാണത്: ചിദംബരം
Indian Cinema
കമല്‍ സാറിന്റെ കൂടെയിരുന്ന് മരുതനായകത്തിന്റെ റീമാസ്റ്റര്‍ ചെയ്ത ചില ഭാഗങ്ങള്‍ കണ്ടു, മാസ്റ്റര്‍പീസാണത്: ചിദംബരം
അമര്‍നാഥ് എം.
Wednesday, 17th June 2026, 11:17 pm

വെറും രണ്ട് സിനിമകള്‍ കൊണ്ട് പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്വയം അടയാളപ്പെടുത്തിയ സംവിധാകനാണ് ചിദംബരം. യാതൊരു ഹൈപ്പുമില്ലാതെ എത്തിയ ജാന്‍ ഏ മന്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റി. ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയാകാന്‍ ചിത്രത്തിന് സാധിച്ചു.

മഞ്ഞുമ്മല്‍ ബോയ്‌സ് ചിദംബരത്തിന് നല്‍കിയ റീച്ച് വളരെ വലുതായിരുന്നു. കമല്‍ ഹാസനും ഇളയരാജക്കും ആദരമര്‍പ്പിച്ച് ഒരുക്കിയ ചിത്രത്തെ സാക്ഷാല്‍ കമല്‍ ഹാസന്‍ വരെ പ്രശംസിച്ചിരുന്നു. കമല്‍ ഹാസന്‍ തന്റെ ഓഫീസിലേക്ക് വിളിച്ചിട്ടാണ് അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ചത്. കമല്‍ ഹാസനൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ചിദംബരം.

‘കമല്‍ സാറിനൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ സാധിച്ചത് തന്നെ വലിയ കാര്യമാണ്. ഒരിക്കലും അത് സാധിക്കുമെന്ന് കരുതിയില്ല. കമല്‍ സാറിന്റെ ചില സിനിമകള്‍ അദ്ദേഹത്തോടൊപ്പമിരുന്ന് കാണാനുള്ള ഭാഗ്യം കിട്ടി. സിനിമയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ഏറ്റവും വലിയ എക്‌സ്പീരിയന്‍സ് ഇതൊന്നുമല്ലായിരുന്നു.

മരുതനായകത്തിന്റെ ചില സീനുകള്‍ അദ്ദേഹം കാണിച്ചുതന്നു. റീമാസ്റ്റര്‍ ചെയ്ത വേര്‍ഷനാണ് കണ്ടത്. കാലത്തിനനുസരിച്ച് ചെറുതായി എഡിറ്റ് ചെയ്തിട്ടുണ്ട്. മഹേഷ് നാരായണനാണ് അത് എഡിറ്റ് ചെയ്തത്. വളരെ ചെറിയ പോര്‍ഷന്‍ മാത്രമേ അദ്ദേഹത്തിന്റെ പക്കലുള്ളൂ. അത് തന്നെ ഗംഭീരമാണ്. സിനിമാപ്രേമികളിലേക്ക് അത് എത്തിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്.’ ചിദംബരം പറയുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ചിത്രവുമായി ചിദംബരം എത്തുകയാണ്. ബാലന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ക്യാമറക്ക് മുന്നില്‍ പ്രധാനവേഷത്തില്‍ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ ചര്‍ച്ചയായിരുന്നു. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാലന്‍.

ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി, ബീന ആന്റണി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ടൊവിനോ തോമസും ചിത്രത്തില്‍ അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജിത്തു മാധവാണ് ചിത്രത്തിന്റെ തിരക്കഥ. കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ബാലന്റെ നിര്‍മാണം.

Content Highlight: Chidambaram saying he watched few portions of Maruthanayagam with Kamal Haasan

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം