മോശം ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ തുടര്‍ന്നും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പിന്തുണക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഇതുവരെ ജിതേഷ് റണ്‍സൊന്നും നേടിയിട്ടില്ലെങ്കിലും ടീമിനായി പ്രധാനപ്പെട്ട ക്യാച്ചുകള്‍ എടുത്തിട്ടുള്ളതിനാല്‍ ടീമില്‍ നിന്ന് ഒഴിവാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ആറാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് അത്ര എളുപ്പമല്ലെന്നും ഒരു ഇന്നിങ്സ് മതി ജിതേഷിന് ഫോമിലേക്ക് തിരിച്ചെത്താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആത്മവിശ്വാസം ലഭിച്ചാല്‍ താരം അപകടകാരിയാവുമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാന്‍ എന്ന പരിപാടിയില്‍ പൂജാര കൂട്ടിച്ചേര്‍ത്തു.
ചേതേശ്വർ പൂജാര. Photo: MahiPatel/x.com
‘ഞാനൊരിക്കലും ജിതേഷ് ശര്‍മയെ ഒഴിവാക്കില്ല. അവന്‍ ഈ സീസണില്‍ മികച്ച ഫോമിലല്ല. പക്ഷേ, വിക്കറ്റ് കീപ്പിങ് മികച്ചതാണ്. ആര്‍.സി.ബിക്കായി പ്രധാനപ്പെട്ട കുറച്ച് ക്യാച്ചുകള്‍ അവന്‍ എടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ടീം അവനില്‍ വിശ്വസിക്കണം.
ടീമിന്റെ പിന്തുണ ലഭിച്ചാല്‍ ഒരു മികച്ച ഇന്നിങ്സിലൂടെ ജിതേഷിന് ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കും. ആറാം നമ്പറിലോ ഏഴാം സ്ഥാനത്തോ ബാറ്റ് ചെയ്യുന്നത് അത്ര എളുപ്പമല്ല. ആര്‍.സി.ബി പൊതുവെ താരങ്ങളില്‍ വിശ്വസിക്കുന്നതിനാല്‍ അവന്‍ വീണ്ടും അവസരം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
ജിതേഷ് ഒരു കഴിവുള്ള താരമാണ്. ടീമിന്റെ പിന്തുണയുണ്ടെങ്കില്‍ അവന് ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരു നല്ല ഇന്നിങ്സ് മതി. റായ്പൂരിലെ പിച്ചില്‍ ബാറ്റിങ് എളുപ്പമല്ലെങ്കിലും അവന് മികച്ച പ്രകടനം നടത്താനുള്ള പ്രതിഭയുണ്ട്. ആത്മവിശ്വാസം നേടിയാല്‍ അവന്‍ ആ സ്ഥാനങ്ങളില്‍ അപകടകാരിയായേക്കാം,’ പൂജാര പറഞ്ഞു.
ജിതേഷ് ശർമ. Photo: IndianPremierLeague/x.com
ഈ സീസണില്‍ ജിതേഷിന് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. 11 ഇന്നിങ്‌സില്‍ നിന്നായി താരം വെറും 82 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. 23 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 9.11 ശരാശരിയും 115.49 സ്‌ട്രൈക്ക് റേറ്റുമാണ് ആര്‍.സി.ബി വിക്കറ്റ് കീപ്പര്‍ക്കുള്ളത്.