സഞ്ജുവും ഗെയ്ക്വാദും കൈവിട്ട ചെന്നൈയെ കാര്‍ത്തിക്കും ദുബെയും രക്ഷിച്ചു!
Cricket
സഞ്ജുവും ഗെയ്ക്വാദും കൈവിട്ട ചെന്നൈയെ കാര്‍ത്തിക്കും ദുബെയും രക്ഷിച്ചു!
ശ്രീരാഗ് പാറക്കല്‍
Friday, 15th May 2026, 9:48 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിലവില്‍ ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്.

ചെന്നൈയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് കാര്‍ത്തിക് ശര്‍മയാണ്. 42 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് താരം നേടിയത്. കാര്‍ത്തിക്കിന് പുറമെ അവസാന ഘട്ടത്തില്‍ ചെന്നൈയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ശിവം ദുബെയാണ്. 16 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് ശിവം നേടിയത്. അവസാന ഓവറില്‍ പ്രിന്‍സ് യാദവിനെതിരെയായിരുന്നു താരത്തിന്റെ നാല് ബൗണ്ടറികള്‍.

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെയും വിക്കറ്റുകള്‍ നേരത്തെ നഷ്ടപ്പെട്ടതാണ് ചെന്നൈയുെടെ സ്‌കോറിങ്ങിന് തിരിച്ചടിയായത്. ഒമ്പത് പന്തില്‍ 13 റണ്‍സായിരുന്നു ക്യാപ്റ്റന്‍ മടങ്ങിയത്. സഞ്ജു സാംസണ്‍ 20 റണ്‍സിനാണ് പുറത്തായത്. ആകാശ് സിങ്ങാണ് രണ്ട് പേരുടെയും വിക്കറ്റ് നേടിയത്.

ലഖ്‌നൗവിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ആകാശ് സിങ്ങാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റ് വീതം നേടി.

പ്ലേഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ ചെന്നൈയ്ക്ക് മത്സരത്തില്‍ വിജയിച്ചേ തീരു. മറുവശത്ത് അഭിമാന വിജയത്തിനാണ് റിഷബ് പന്തും സംഘവും ഇറങ്ങിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീര്‍, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, മുകേഷ് ചൗദരി

ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, എയ്ഡന്‍ മര്‍ക്രം, റിഷബ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), മുകുള്‍ ചൗധരി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മുഹമ്മദ് ഷമി, മയങ്ക് യാദവ്, ആകാശ് സിങ്, പ്രിന്‍സ് യാദവ്

Content Highlight: Chennai Super Kings VS Lucknow Super Gaints Live Match Report

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ