ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാറ്റ് കമ്മിന്‍സും കൂട്ടരും വിജയക്കൊടി പറത്തിയത്. ഇതോടെ 2026ലെ ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താനും ഹൈദരാബാദിന് സാധിച്ചു.
തോല്‍വിക്ക് പിന്നാലെ ചെന്നൈ പ്ലേഓഫില്‍ നിന്ന് പൂര്‍ണമായും പുറത്തായോ എന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്. എന്നാല്‍ ചെന്നൈ പൂര്‍ണമായും പുറത്തായിട്ടില്ല. ഭാഗ്യം തുണച്ചാല്‍ ചെന്നൈയ്ക്ക് പ്ലേഓഫ് പ്രതീക്ഷകള്‍ വീണ്ടെടുക്കാം. അതിനായി ടൂര്‍ണമെന്റില്‍ നടക്കുന്ന മത്സരത്തില്‍ സംഭവിക്കേണ്ട കാര്യങ്ങള്‍ ഇതാണ്…
ചെന്നൈയ്ക്ക് പ്ലേഓഫ് നിലനിര്‍ത്താന്‍ ഇന്ന് ഐ.പി.എല്ലില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിജയിക്കണം. ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിക്കണം.
മാത്രമല്ല മെയ് 21ന് ഗുജറാത്തിനെതിരായ മത്സരത്തില്‍ ചെന്നൈ ജീവന്‍മരണ പോരാട്ടം നടത്തി വിജയിക്കുകയും വേണം. മെയ് 23ന് പഞ്ചാബ് കിങ്‌സിനെതിരെ എല്‍.എസ്.ജിയും, മെയ് 24ന് രാജസ്ഥാനെതിരെ മുംബൈയും, മെയ് 24ന് ദല്‍ഹിക്കെതിരെ കൊല്‍ക്കത്തയും വിജയിച്ചാല്‍ ചെന്നൈയുടെ പ്ലേഓഫ് സാധ്യമാകും. മാജിക് സംഭവിച്ചാല്‍ ചെന്നൈയെ വീണ്ടും പ്ലേഓഫില്‍ കാണാന്‍ ആരാധകര്‍ക്ക് സാധിക്കും.
അതേസമയം ബെംഗളൂരുവും ഗുജറാത്തും ഹൈദരാബാദും പ്ലേഓഫിലേക്ക് കടന്നു കഴിഞ്ഞു. നാലാം സ്ഥാനത്തുള്ള പഞ്ചാബിന് 13 പോയിന്റാണ്. എന്നാല്‍ രാജസ്ഥാനും ചെന്നൈയും ദല്‍ഹിയും 12 പോയിന്റുമായി തൊട്ട് പിന്നിലുണ്ട്. ഭാഗ്യം തുണച്ചാല്‍ ഇരുവരിലും ആരാകും നാലാം സ്ഥാനത്തേക്ക് എത്തുക എന്ന് കണ്ടറിയേണ്ടി വരും.