വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് സുപരിചിതനായ നടനാണ് ചെമ്പിൽ അശോകൻ. പ്രൊഫഷണൽ നാടകരംഗത്ത് നിന്നും സീരിയൽ രംഗത്തുനിന്നുമാണ് അശോകൻ സിനിമയിലേക്കെത്തുന്നത്.
ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് പറയുകയാണ് നടൻ ചെമ്പിൽ അശോകൻ. സിനിമ വലിയ വിജയമായതോടെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പലരും വിളിച്ച് സംസാരിക്കാറുണ്ടെന്നും റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലിയുടെ ഗ്രാൻഡ് ഫാദറായാണ് ചെമ്പിൽ അശോകൻ ചിത്രത്തിലെത്തിയത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube
‘എന്റെ പ്രെസൻസ് ഈ സിനിമയിൽ ഉണ്ടാകാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്. ഇത്രയും ഹിറ്റായ ഒരു സിനിമയല്ലേ. പടം കണ്ടവരൊക്കെ വിളിക്കാറുണ്ട്. സിനിമ ഇത്രയും വലിയ വിജയമായില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആരും വിളിക്കില്ലായിരുന്നു. മാത്രമല്ല, സിനിമയിലെത്തുമ്പോൾ മുടിയൊക്കെ അങ്ങനെ വെട്ടിയിരുന്നതിനാൽ എന്നെ കണ്ടാൽ പോലും തിരിച്ചറിയാൻ പറ്റുമായിരുന്നില്ല,’ ചെമ്പിൽ അശോകൻ പറയുന്നു.
ചിത്രത്തിന്റെ അവസാന ഭാഗത്ത് വിനയ് ഫോർട്ടിനൊപ്പമുള്ള ചില രംഗങ്ങളും തിയേറ്ററിൽ വലിയ ചിരിയുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമയുടെ അവസാനം ഞാനും വിനയ് ഫോർട്ടും അമ്മയായിട്ടുള്ള കഥാപാത്രവും തമ്മിൽ കുറച്ച് ഡയലോഗുകളും കാര്യങ്ങളുമൊക്കെയുണ്ടായിരുന്നു. അതിനൊക്കെ തിയേറ്ററിൽ ഭയങ്കര ചിരിയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഗിരീഷ് എ.ഡിയോടൊപ്പം ആദ്യമായാണ് വർക്ക് ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ കൃത്യമായ സംവിധാന രീതിയാണ് ശ്രദ്ധിച്ചതെന്നും ചെമ്പിൽ അശോകൻ വ്യക്തമാക്കി.
‘ഗിരീഷ് കാര്യങ്ങളൊക്കെ കറക്ടായി പറഞ്ഞുതരും. ഇപ്പോഴത്തെ പിള്ളേർ അങ്ങനെയാണ്. എന്താണ് ചെയ്യേണ്ടത്, എങ്ങോട്ട് പോകണം, എങ്ങനെ ചെയ്യണം എന്നൊക്കെയുള്ള കൃത്യമായൊരു രേഖ അവർക്കുണ്ടാകും. പണ്ടൊന്നും അങ്ങനെയായിരുന്നില്ല. ഡയറക്ടറുടെ ബുദ്ധിയിൽ അപ്പോൾ ഉദിക്കുന്ന രീതിയിലായിരുന്നു പല കാര്യങ്ങളും ചെയ്തുപോയിരുന്നത്. പക്ഷേ ഇവർ അങ്ങനെയല്ല. ഒരു മൂവ്‌മെന്റ് പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റേണ്ടതുണ്ടെങ്കിൽ അതൊക്കെ കൃത്യമായി റെഡിയാക്കിയിട്ടുണ്ടാകും,’ ചെമ്പിൽ അശോകൻ പറഞ്ഞു.
മമിത ബൈജുവിനൊപ്പമുള്ള ആദ്യ അനുഭവത്തെക്കുറിച്ചും നടൻ സംസാരിച്ചു. മമിത കോട്ടയംകാരിയാണെന്ന് അറിഞ്ഞതോടെ താനും കോട്ടയംകാരനാണെന്ന് പറഞ്ഞ് പരിചയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
‘ഞാൻ ആദ്യമായിട്ടാണ് മമിതയുടെ കൂടെ അഭിനയിക്കുന്നത്. ആൾ ഒരു കോട്ടയംകാരിയാണ്. ഞങ്ങൾ കുറച്ചുനേരം അവിടെ സംസാരിച്ചൊക്കെ ഇരുന്നു. ഒരു പ്രാർഥനയുടെ സീൻ ഉണ്ടായിരുന്നു. ‘നന്മ നിറഞ്ഞ മറിയമേ’ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ബാക്കിയുള്ളതൊന്നും എനിക്ക് അറിയില്ലായിരുന്നു. അതൊക്കെ മമിതയാണ് പറഞ്ഞുതന്നത്. അവൾ പറഞ്ഞുതന്ന് പഠിപ്പിച്ചിട്ടാണ് ഞാൻ അത് പറഞ്ഞത്. ഭാഗ്യത്തിന് അത് ഡബ്ബ് ചെയ്യേണ്ടിവന്നില്ല,’ അദ്ദേഹം പറഞ്ഞു.
‘പ്രേമലു’ ഉൾപ്പെടെ തുടർച്ചയായി വിജയങ്ങൾ നേടിയ മമിതയ്ക്ക് യാതൊരു തരത്തിലുള്ള ജാഡയും ഉണ്ടായിരുന്നില്ലെന്നും ചെമ്പിൽ അശോകൻ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb
‘മമിതയെ പരിചയപ്പെട്ടപ്പോൾ ഞാൻ കോട്ടയംകാരനാണെന്ന് പറഞ്ഞു. നമ്മൾ ഒരു ജില്ലക്കാരാണല്ലോ എന്നും പറഞ്ഞു. സൂര്യയുടെ കൂടെയൊക്കെ സിനിമ ചെയ്ത് ഹിറ്റാക്കി വന്ന ആളാണ്. അതുകൊണ്ട് ജാഡ കാണിക്കുകയാണെങ്കിൽ കാണിക്കാനുള്ള കാരണങ്ങളൊക്കെ ഉണ്ടായിരുന്നു. ഇൻഡസ്ട്രിയിൽ പലരും അങ്ങനെ കാണിക്കുന്നത് നമ്മൾ കണ്ടിട്ടുമുണ്ട്. പക്ഷേ ആ കുട്ടി അങ്ങനെയായിരുന്നില്ല. നല്ല പെരുമാറ്റമായിരുന്നു. ജാഡയൊന്നുമുണ്ടായിരുന്നില്ല,’ ചെമ്പിൽ അശോകൻ കൂട്ടിച്ചേർത്തു.
Content Highlight: Chembil ashokan Talks about Mamitha baiju
