മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ചെമ്പന്‍ വിനോദ്. നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ സാനിധ്യമറിയിച്ച വ്യക്തിയാണ് അദ്ദേഹം. തന്നെ രണ്ടുമൂന്ന് ഹിന്ദി സിനിമകളില്‍ നിന്ന് ഒഡീഷന് വിളിച്ചതിനെ കുറിച്ച് പറയുകയാണ് ചെമ്പന്‍ വിനോദ്.

തന്റെ ഏറ്റവും പുതിയ ചിത്രമായ അഞ്ചക്കള്ളക്കോക്കാന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈയ്മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് രണ്ടുമൂന്ന് ഹിന്ദി സിനിമകള്‍ വന്നിരുന്നു. നല്ല സിനിമകളായിരുന്നു അത്. എന്നാല്‍ അവര് വിളിച്ച് ഒഡീഷന് വരാനാണ് പറഞ്ഞത്. അപ്പോള്‍ ഞാന്‍ എനിക്ക് ഒഡീഷന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അവരതിന് മറുപടിയായി നമ്മുടെ സിസ്റ്റം ഇങ്ങനെയാണ് എന്നായിരുന്നു പറഞ്ഞത്.

നിങ്ങളുടെ സിസ്റ്റം എന്തുമായിക്കോട്ടെ, എന്റെ സിസ്റ്റം ഇതാണെന്ന് ഞാനും പറഞ്ഞു. അതോടെ അവര്‍ ഹിന്ദിയില്‍ സംസാരിക്കുന്ന ഒരു വീഡിയോ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. എനിക്ക് പെങ്ങളുടെ കുട്ടിക്ക് ഒരു വീഡിയോ എടുത്തിട്ട് അയക്കാന്‍ പോലും മടിയാണ്. അതിന്റെ ഇടയിലാണ് ഇത്,’ ചെമ്പന്‍ വിനോദ് പറഞ്ഞു.

തനിക്ക് ഒഡീഷനില്‍ പങ്കെടുക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്നും അല്‍ഫോണ്‍സ് പുത്രന്റെ ചിത്രമായ പ്രേമത്തിലേക്ക് തന്നെ ഒഡീഷന് വിളിച്ചിരുന്നെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

‘എനിക്ക് ഒഡീഷന് പങ്കെടുക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. പ്രേമത്തില്‍ എന്നെ വിളിച്ചിരുന്നു. വിനയ് ഫോര്‍ട്ട് ചെയ്ത കഥാപാത്രം ചെയ്യാന്‍ വേണ്ടിയായിരുന്നു വിളിച്ചതെന്ന് തോന്നുന്നു. അവര് വിളിച്ചിട്ട് ഒഡീഷന് വരാന്‍ പറഞ്ഞു.

സിനിമയുടെ അസോസിയേറ്റായിരുന്നു വിളിച്ചത്. എനിക്ക് സത്യം പറഞ്ഞാല്‍ ഒഡീഷന് ഒരു കോണ്‍ഫിഡന്‍സുമില്ല. അതുകൊണ്ട് ഞാന്‍ ഒഡീഷന്‍ പറ്റില്ലെന്ന് പറഞ്ഞു. അവര്‍ അത്തരത്തില്‍ ഡിസൈന്‍ ചെയ്ത പടമായത് കൊണ്ട് സ്‌ക്രീന്‍ ടെസ്റ്റില്ലാതെ പറ്റില്ലായിരുന്നു.

ഞാന്‍ അതില്‍ കംഫര്‍ട്ടല്ലെന്ന് പറഞ്ഞത് കൊണ്ട് ആ സിനിമ നഷ്ടമായി. ഇപ്പോഴും ഒഡീഷന് പോകാന്‍ പറ്റില്ല. എന്താണെന്ന് അറിയില്ല. എനിക്ക് ഒഡീഷന്റെ കാര്യത്തില്‍ എന്തോ ഒരു ബ്ലോക്കുണ്ട്. പലര്‍ക്കും അതേ പ്രശ്നമുണ്ട്,’ ചെമ്പന്‍ വിനോദ് പറഞ്ഞു.


Content Highlight: Chemban Vinod Talks About Hindi Movies