ക്ലബ് ഫുട്ബോളിനും യുവേഫ നേഷന്‍സ് ലീഗിനും താത്കാലിക വിരാമമിട്ട് ലോകം ഇനി ചാംപ്യന്‍സ് ലീഗ് ആവേശത്തിലേക്ക്. യൂറോപ്പിലെ മുന്‍നിര ക്ലബുകള്‍ അണിനിരക്കുന്ന യുവേഫ ചാംപ്യന്‍സ് ലീഗിന് ഇന്ത്യന്‍ സമയം പത്തരയോടെ തുടക്കമാകും. ഫുട്ബോള്‍ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിക്കാന്‍ വമ്പന്‍ പോരാട്ടങ്ങളാണ് ആദ്യ ദിനമുള്ളത്.
ലിവര്‍പൂള്‍ vs പിഎസ്ജി

ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച ആക്രമണനിരകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മല്‍സരത്തിനാകും ആന്‍ഫീല്‍ഡ് വേദിയാകുക. പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ലിവര്‍പൂളിന്റെ കരുത്ത് സലാ ഫിര്‍മിനോ മാനെ ത്രയത്തിലാണ്. എതു പ്രതിരോധവും ഭേദിക്കാനുള്ള കരുത്തും വേഗവും ഇവര്‍ക്കുണ്ട്. ക്ലോപ്പിന്റെ കീഴില്‍ ഒത്തിണക്കം വീണ്ടെടുത്ത ലിവര്‍പൂള്‍ കാലങ്ങളായുള്ള കിരീടവരള്‍ച്ചയ്ക്ക് അറുതി വരുത്താനാണ് ശ്രമിക്കുന്നത്. പ്രമുഖ താരങ്ങള്‍ക്ക് പരുക്കില്ലാത്തത് റെഡ്സിന് ആശ്വാസകരമാണ്. ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ആലീസണെ തട്ടകത്തിലെത്തിച്ചതോടെ ഗോള്‍ മുഖത്തെ പ്രതിസന്ധിയും ലിവര്‍പൂള്‍ പരിഹരിച്ചു. കണ്ണിനു പരുക്കേറ്റ ഫിര്‍മിനോ കളിക്കാന്‍ സാധ്യത കുറവാണ്. അങ്ങിനെയെങ്കില്‍ ഷക്കീരിക്ക് അവസരം ലഭിക്കും.
മറുവശത്ത് എംബാപ്പെ കവാനി നെയ്മര്‍ ത്രയത്തില്‍ പ്രതീക്ഷയര്‍ച്ചാണ് തോമസ് ടച്ചലു സംഘവും ആന്‍ഫീല്‍ഡിലെത്തുന്നത്. റഫറി മൈക്കല്‍ ഒലിവറുനെതിരെ പരാമര്‍ശം നടത്തിയതിനാല്‍ മൂന്ന് മല്‍സരങ്ങളില്‍ വിലക്ക് നേരിടുന്ന ബഫണ്‍ ലിവര്‍പൂളിനെതിരെ കളിക്കില്ല. പകരം അരിയോളയോ കെവിന്‍ ട്രാപ്പിനോആകും വല കാക്കാനുള്ള ചുമതല.
ടോട്ടനം ഹോട്ട്സ്പര്‍ vs ഇന്റര്‍ മിലാന്‍

ആറു വര്‍ഷത്തെ ഇടവേളയ്ക്കൊടുവിലാണ് ഇന്റര്‍മിലാന്‍ ചാംപ്യന്‍സ് ലീഗ് വേദിയിലെത്തുന്നത്. അതുകൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകും ഇന്റര്‍ ശ്രമിക്കുക. പേശിക്കേറ്റ പരുക്കിനെതുടര്‍ന്ന് വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ ഇക്കാര്‍ഡിയുടെ തിരിച്ചുവരവ് ആക്രമണത്തിന്റെ കരുത്ത് വര്‍ധിപ്പിക്കും. എന്നാല്‍ കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് പ്രതിരോധതാരം സിമെ വ്രസാല്‍്ക്കോ കളിക്കാന്‍ സാധ്യതയില്ല. ടോട്ടനം നിരയില്‍ ക്യാപ്റ്റന്‍ ലോറിസ്, പരുക്കേറ്റ ഡെലെ അലി, മൂസ സിസ്സോകോ എന്നിവര്‍ക്കും മധ്യനിരതാരം കീറന്‍ ട്രിപ്പിയറിനും ആദ്യ മല്‍സരം നഷ്ടമാകും. മധ്യനിരയില്‍ ഡെലെ അലിയുടേയും ട്രിപ്പിയറിന്റേയും അസാന്നിധ്യം സ്പര്‍സിന് തിരിച്ചടിയാകും. അവസാനമായി ഇരുടീമുകളും നേര്‍്ക്കുനേര്‍ വന്നപ്പോള്‍ ഒന്നിനെതിരെ ആറുഗോളിന് ജയം ഇന്ററിനൊപ്പമായിരുന്നു.
ബാര്‍സിലോന vs പി.എസ്.വി. ഐന്തോവന്‍

ന്യൂ കാംപില്‍ നടക്കുന്ന മല്‍സരത്തില്‍ നെതര്‍ലന്‍ഡ് ക്ലബ് പി.എസ്.വി. ഐന്തോവനാണ്
ബാര്‍സിലോനയ്ക്ക് എതിരാഴികള്‍. ലാലിഗയില്‍ മിന്നും ഫോമിലുള്ള ബാര്‍സിലോനയ്ക്ക് പിഎസ്വിയെ എളുപ്പത്തില്‍ മറികടക്കാനാകും. മുന്‍നിര താരങ്ങള്‍ക്ക് പരുക്കില്ലാത്തത് കറ്റാലന്‍ പടയ്ക്ക് ആശ്വാസകരമാണ്. എന്നാല്‍ പിഎസ്വി നിരയില്‍ മുന്നേറ്റതാരം മാക്സ്മില്യാനോ റൊമേരോ കളിക്കില്ല.
