ലഡാക്കിന് സംസ്ഥാന പദവിയും പ്രത്യേക പദവിയുമില്ലെന്ന് കേന്ദ്രം
India
ലഡാക്കിന് സംസ്ഥാന പദവിയും പ്രത്യേക പദവിയുമില്ലെന്ന് കേന്ദ്രം
മുഹമ്മദ് നബീല്‍
Friday, 13th February 2026, 2:41 pm

ശ്രീനഗർ: മതിയായ സാമ്പത്തിക സ്രോതസ്സിലെന്ന് ചൂണ്ടിക്കാട്ടി ലഡാക്കിന് സംസ്ഥാന പദവി നൽകില്ലെന്നും ആറാം ഷെഡ്യൂൾ ഉൾപെടുത്തില്ലെന്നും കേന്ദ്രം.

ലേ അപെക്സ് ബോഡി (എൽ.എ.ബി ), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നീ സംഘടനയുമായി കേന്ദ്രം നടത്തിയ ചർച്ചയിലാണ് സർക്കാർ നിലപാടറിയിച്ചത്.

ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫിനെ ഉപ മുഖ്യമന്ത്രിയായുമാണ് കേന്ദ്രം നിയമിച്ചിരിക്കുന്നത്.

സംസ്ഥാന പദവിക്ക് പകരം ടെറിട്ടോറിയൽ പദവി നൽകുമെന്ന കേന്ദ്ര വാദം പ്രഹസനമാണെന്ന് ലഡാക്കിലെ വിവിധ സംഘടനകളുടെ നേതാക്കൾ പറഞ്ഞു.

പ്രത്യേക പദവി പ്രയോഗികമല്ലെന്നുപറഞ്ഞ കേന്ദ്രത്തോട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതെങ്ങനെ പ്രയോഗികമായെന്നും നേതാക്കൾ ചോദിച്ചു.

സംസ്ഥാന പദവി നൽകില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനത്തെ അംഗീകരിച്ച കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് അംഗമായ കുൻസെസ് ഡോൾമക്കെതിരെ കാർഗിലിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നു.

‘ഡോൾമയായാലും മറ്റാരായാലും, ലഡാക്ക് ഐഡന്റിറ്റി ഉപയോഗിച്ച് കളിക്കുന്ന ആരെയും ഞങ്ങൾ അനുവദിക്കില്ല,’ കെ.ഡി.എ നേതാവ് കർബാലി പറഞ്ഞു.

കർബാലി സംസാരിക്കവെ ഡോൾമയ്ക്ക് എതിരെയും സോനം വാങ്‌ചുക്കിനെ അനുകൂലിച്ചും പ്രതിഷേധക്കാർ മുദ്രവാക്യമുയർത്തി.

സംസ്കാരം, ഭൂമി എന്നിവ സംരക്ഷിക്കുന്നതിനായി ആദിവാസി മേഖലകൾക്ക് പ്രത്യേക ഭരണപരമായ അധികാരങ്ങൾ നൽകുന്നതാണ് ഭരണഘടനയുടെ ആറാം ഷെഡ്യൂൾ.

Content Highlight: Centre reject the sixth schedule and statehood for Ladakh

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം