[] ന്യൂദല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി നീക്കിവച്ച 2150 കോടി കേന്ദ്രം പാഴാക്കി. യു.പി.എ സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
തുക പാഴാക്കിയ കാര്യം സ്ഥിരീകരിച്ചത് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ.എ റഹ്മാന്‍ ഖാന്‍ ആണ്. എന്നാല്‍ താന്‍ മന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കും മുമ്പുള്ള സംഭവമാണിതെന്നും അതിനാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
പതിനൊന്നാം പദ്ധതിക്കാലത്ത് വകയിരുത്തിയതില്‍ 1172.63 കോടിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 977 കോടിയുമാണ് കേന്ദ്രം പാഴാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ പദ്ധതിക്കാലത്ത് ന്യൂനനപക്ഷത്തിനായി വകയിരുത്തിയ 7990 കോടിയില്‍ നിലവിലെ ഏറ്റവും പുതിയ കണക്ക് പ്രകാരം 6817.37 കോടിയാണ് മാത്രമാണ് കേന്ദ്രം വിനിയോഗിച്ചത്.
ആദ്യ സാമ്പത്തിക വര്‍ഷമായ 2012-13ല്‍ 3135 കോടി രൂപ അനുവദിച്ചതില്‍ 2158.01 കോടി രൂപ മാത്രം ചിലവാക്കിയ കേന്ദ്രം മൂന്നിലൊന്നും പാഴാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം സര്‍ക്കാരിന് സംഭവിച്ച വീഴ്ച്ചയായി ഇതിനെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ താന്‍ മന്ത്രാലയത്തിലെത്തുന്നതിന് മുമ്പുള്ള സംഭവമായതിനാല്‍ വ്യക്തിപരമായി കുറ്റക്കാരനല്ലെന്നും റഹ്മാന്‍ ഖാന്‍ പറഞ്ഞു.
നടപ്പ് സാമ്പത്തികവര്‍ഷം പത്ത് ശതമാനം തുകയില്‍ക്കൂടുതല്‍ പാഴാക്കില്ലെന്ന് ഉറപ്പ് നല്‍കിയ മന്ത്രി അത്രയും വ്യത്യാസം ഏത് മന്ത്രാലയത്തിലും സാധാരണയായി സംഭവിക്കാറുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു.
