തിരുവനന്തപുരം: വരാനിരിക്കുന്ന സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലം, മതം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സെൻസസിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) കൂടി നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ അജണ്ടയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു.
‘പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന ഒരു നയവും അംഗീകരിക്കാൻ കഴിയില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം ദുരൂഹമായ ചോദ്യങ്ങൾ സെൻസസിൽ നിന്ന് അടിയന്തരമായി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം,’ പിണറായി വിജയൻ പറഞ്ഞു.
സെൻസസും എൻ.പി.ആറും രണ്ടാണെങ്കിലും സെൻസസിനൊപ്പം എൻ.പി.ആർ കൂടി ഉൾപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. എൻ.പി.ആറിലെ വിവരങ്ങൾ പരിശോധിച്ചാണ് എൻ.ആർ.സി പട്ടിക തയ്യാറാക്കുന്നതെന്നും എൻ.പി.ആർ എൻ.ആർ.സിയുടെ ആദ്യപടിയാണെന്നും 2018-19ലെ ആഭ്യന്തരവകുപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ ജനനസ്ഥലം, മതം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഉദ്ദേശ്യം ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ ഈ അപകടകരമായ നീക്കത്തെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കാൻ രാജ്യത്തെ മതനിരപേക്ഷ സമൂഹം മുന്നോട്ടുവരണം,’ പിണറായി വിജയൻ ആവശ്യപ്പെട്ടു.
അതേസമയം, കേരളത്തിലെ യു.ഡി.എഫ് സർക്കാർ വിഷയത്തിൽ പുലർത്തുന്ന മൗനം ആശങ്കാജനകമാണെന്നും അദ്ദേഹം വിമർശിച്ചു. എൻ.പി.ആർ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് സംശയാസ്പദമാണെന്നും പിണറായി പറഞ്ഞു. 2003ലെ വാജ്‌പേയ് സർക്കാരിന്റെ പൗരത്വ നിയമഭേദഗതിയിലൂടെയാണ് എൻ.ആർ.സിയും എൻ.പി.ആറും വന്നതെങ്കിലും, 2010ൽ എൻ.പി.ആർ ആദ്യമായി നടപ്പാക്കിയത് യുപിഎ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
എൻആർസിയിലേക്ക് നീളുന്ന എൻ.പി.ആർ, ഡി.എൻ.എ പ്രൊഫൈലിംഗ് തുടങ്ങിയ നയങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസാണെന്നും അതുകൊണ്ടാണ് യു.ഡി.എഫ് വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.
കേരളത്തിൽ എൻപിആർ നടപടികൾ ഉണ്ടാകില്ലെന്ന് 2019ൽ എൽ.ഡി.എഫ് സർക്കാർ ഉത്തരവിലൂടെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2027ലെ സെൻസസ് നടപടികളുടെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻ.പി.ആർ നടപ്പാക്കില്ലെന്ന് ഉറപ്പാക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെന്നും പിണറായി വ്യക്തമാക്കി.
‘ഭരണമാറ്റത്തോടെ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾ ഒന്നൊന്നായി നടപ്പാക്കുന്ന രീതിയാണ് യു.ഡി.എഫ് സർക്കാർ അനുവർത്തിക്കുന്നത്. ഈ വിഷയത്തിലും അതേ വിധേയത്വം തുടരുമോ എന്ന് ജാഗ്രതപ്പെടേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
Content Highlight:Central Move to Implement NPR Alongside Census; ‘Attempt to Link Citizenship with Religion Cannot Be Accepted,’ Says Pinarayi Vijayan.