തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ മാധ്യമമായ നോക്യാപിന് നേരിടേണ്ടി വന്ന ഫേസ്ബുക്ക് വിലക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ യു.ഡി.എഫ് സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്.

സമൂഹമാധ്യമങ്ങളിലെ സെൻസർഷിപ്പിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് സർക്കാർ നിരന്തരം കൈമലർത്തുമ്പോഴും, സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് ഈ വിലക്കിന് പിന്നിലെന്ന് മെറ്റ തന്നെ തുറന്നുകാട്ടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐ.ടി നിയമത്തിലെ സെക്ഷൻ 79(3)(b) ഉപയോഗിച്ച് സർക്കാർ നൽകിയ നിർദ്ദേശപ്രകാരമാണ് പേജ് പൂട്ടിയതെന്ന് മെറ്റ വിശദീകരിക്കുമ്പോഴും, യഥാർത്ഥത്തിൽ എന്ത് നിയമലംഘനമാണ് നോക്യാപിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വ്യക്തമാക്കാൻ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിമർശനങ്ങളോടും മാധ്യമസ്വാതന്ത്ര്യത്തോടുമുള്ള സർക്കാരിന്റെ കടുത്ത അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെടുന്നത്. നരേന്ദ്ര മോദിയും സംഘപരിവാറും നടപ്പിലാക്കുന്ന അതേ മാധ്യമവേട്ട തന്നെയാണ് കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് സർക്കാരും നടത്തുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.

എതിർക്കുന്നവരെ മുഴുവൻ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾ അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ വീണ്ടും ഓർമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്കാലത്തെ ഫാസിസ്റ്റ് അടിച്ചമർത്തലുകളെ പോരാടി തോൽപ്പിച്ച പാരമ്പര്യമുള്ള കേരളത്തിൽ ഇത്തരം നടപടികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക എന്നത് ഒരു കുറ്റകൃത്യമല്ല മറിച്ച്, ഏതൊരു മാധ്യമത്തിന്റെയും കടമയാണ്. അതുകൊണ്ട്, എതിർസ്വരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടി നൽകാൻ ജനങ്ങൾ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

പ്രതിസന്ധിയിൽ തളരാതെ പുതിയ പേജുമായി തങ്ങളുടെ മാധ്യമപ്രവർത്തനം തുടരാൻ തീരുമാനിച്ച നോക്യാപ് ടീമിന് അഭിവാദ്യങ്ങൾ അർപ്പിച്ച അദ്ദേഹം, മാധ്യമ ധാർമ്മികതയും സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകാനും നീതിക്കായി വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിക്കാനും അവർക്ക് സാധിക്കട്ടെ എന്നും കൂട്ടിച്ചേർത്തു.

Content Highlight:Ban on ‘No Cap’ Facebook page: Pinarayi Vijayan alleges UDF government is targeting the media.