ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബത്ത. വലിയ ബഹളമൊന്നുമില്ലാതെ വന്ന ചിത്രം പ്രേക്ഷകരുടെ മനസ് നിറച്ചെന്ന് പറയാം. വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി ബാലാജി തരണീതരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വലിയ പ്രൊമോഷനില്ലാത്തത് ബോക്‌സ് ഓഫീസില്‍ ബത്തക്ക് തിരിച്ചടിയായെന്ന് പലരും അഭിപ്രായപ്പെടുന്നു.
1980കളില്‍ മദ്രാസിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ബത്ത എന്ന റൗഡിയുടെയും അയാളെ പേടിച്ച് ജീവിക്കുന്ന ഒരു പയ്യനെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഏറെക്കാലമായി ആരാധകര്‍ മിസ് ചെയ്ത പഴയ സോണിലേക്ക് വിജയ് സേതുപതി തിരിച്ചെത്തിയ ചിത്രം കൂടിയാണ് ബത്ത.

എന്നാല്‍ വിജയ് സേതുപതിയെപ്പോലും സൈഡാക്കിയ ഒരാള്‍ ബത്തയിലുണ്ട്. മാസ്റ്റര്‍ സായ് പൃഥ്വിരാജ് അവതരിപ്പിച്ച ശബരി എന്ന കഥാപാത്രം സിനിമ കണ്ട് കഴിഞ്ഞാലും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കും. അത്രക്ക് ഗംഭീര പ്രകടനമാണ് ഈ കൊച്ചുപയ്യന്‍ സിനിമയിലുടനീളം കാഴ്ചവെച്ചത്. ചെറിയ പ്രായത്തില്‍ ഇത്രയും ഗംഭീര പ്രകടനം സായ് പൃഥ്വിരാജില്‍ നിന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.
വിജയ് സേതുപതിക്കൊപ്പം അത്രയും സ്‌ക്രീന്‍ ടൈം സായ്‌യിക്കും ഉണ്ട്. ഓരോ ചെറിയ റിയാക്ഷന്‍ കൊണ്ട് പോലും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ശബരി എന്ന കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലെ ഒരു സീനില്‍ ശബരി എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗ് പോലും പ്രേക്ഷകര്‍ക്ക് മനസിലാകില്ല. എന്നിരുന്നാലും ആ സീനില്‍ കഥാപാത്രത്തിന്റെ അതേ ഫീല്‍ നമുക്കും ലഭിക്കും. അത്രക്ക് ഇന്റന്‍സായിട്ടുള്ള പ്രകടനമായിരുന്നു ഈ സീനില്‍.

ശബരി കരയുമ്പോള്‍ നമ്മളും കരയും… അവന്‍ ചിരിക്കുമ്പോള്‍ നമ്മളും ചിരിക്കും. സമീപകലാത്ത് കണ്ട ഏറ്റവും ഗംഭീരമായ ക്യാരക്ടറെന്ന് ബത്തയിലെ ശബരിയെ വിശേഷിപ്പിക്കാം. ഈയൊരു ആക്ടിങ് ടാലന്റിനെ കണ്ടുപിടിച്ച സംവിധായകന്‍ ബാലാജി തരണീതരനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പൊളിറ്റിക്‌സ് കളിച്ചില്ലെങ്കില്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് സായ് തന്റെ ഷെല്‍ഫിലെത്തിക്കും.
മലയാളി സാന്നിധ്യം കൊണ്ടും ബത്ത കുറച്ചധികം സ്‌പെഷ്യലാണ്. വിജയ് സേതുപതിയുടെ നായികയായി വേഷമിട്ട ലിജോമോള്‍, ശബരിയുടെ അമ്മയായി വേഷമിട്ട ശാന്തി ബാലചന്ദ്രന്‍, ബത്തയുടെ വലംകൈയായ ദില്ലിയായി എത്തിയ വിഷ്ണു ഗോവിന്ദന്‍ എന്നിവരുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. കൊമേഷ്‌സ്യല്‍ എലമെന്റുകളില്ലാത്ത സിനിമകളെ നിഷ്‌കരുണം കൈയൊഴിയുന്ന തമിഴ് ഓഡിയന്‍സ് ബത്തയെയും കൈവിടുകയാണ്.
Content Highlight: Sai Prithviraj’s performance in Baththa Movie
