തലശ്ശേരി: എം.പി വീരേന്ദ്രകുമാറും സഹോദരന്‍ എം.പി ചന്ദ്രനാഥും സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണങ്ങള്‍ വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്ന് വിജിലന്‍സിന്റെ സത്യവാങ്മൂലം. തലശേരി സ്‌പെഷ്യല്‍ കോടതി മുമ്പാകെയാണ് വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

എം പി വീരേന്ദ്രകുമാറും സഹോദരന്‍ എം.പി ചന്ദ്രനാഥും ഭൂമി കൈയേറിയെന്ന് ആരോപിച്ച് മുന്‍ വയനാട് എംഎല്‍എ പി കൃഷ്ണപ്രസാദും മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി രാജനുമാണ് പരാതി നല്‍കിയത്.

ഈ പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ചെന്നും എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്നുമാണ് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ ഈ സത്യവാങ്മൂലം തള്ളിക്കളഞ്ഞ കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

വയനാട്ടിലെ സര്‍ക്കാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.ഐ.എം വേണ്ട നടപടി കൈക്കൊള്ളുന്നില്ലെന്ന ആരോപണത്തിന് ശക്തിയേകുന്നതാണ് വിജിലന്‍സി്‌ന്റെ സ്ത്യവാങ്മൂലം.

വയനാട് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ 137.99 ഏക്കര്‍ വരുന്ന മലാന്‍തോട്ടം പ്‌ളാന്‍േറഷന്‍ ഭൂമിയില്‍ 135.14 ഏക്കര്‍ വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്തുകയും ഇതില്‍ എം.പി. വീരേന്ദ്രകുമാറും മറ്റും ചേര്‍ന്ന് 54.05 ഏക്കര്‍ഭൂമി പലര്‍ക്കുമായി വില്‍പന നടത്തിയെന്നുമാണ് പരാതി.

വീരേന്ദ്രകുമാറിന്റെയും ശ്രേയാംസ് കുമാറിന്റെയും കൈവശമുള്ളത് കൈയേറ്റ ഭൂമിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞ വിവരം 2005ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി കേരള നിയമസഭയില്‍ സമ്മതിച്ചിട്ടുള്ളതാണ്.

വീരേന്ദ്രകുമാറും മകനും ഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച് വയനാട് പോലീസ് സൂപ്രണ്ട് അന്വേഷിച്ചുവെന്നും വസ്തുവിന്റെ ഉടമസ്ഥത സംബന്ധിച്ച ഒരു രേഖയും ഇരുവരും ഹാജരാക്കിയില്ലെന്നും ഉമ്മന്‍ചാണ്ടി അന്ന് മറുപടിയില്‍ പറഞ്ഞിരുന്നു.

വയനാട്ടിലെ കൃഷ്ണഗിരിയിലുളള ഭൂമി തിരിച്ചുനല്‍കണമെന്ന് കേരള ഹൈക്കോടതി 2011 ജൂണില്‍ ശ്രേയാംസ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. സ്വമേധയാ തിരിച്ചുനല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും ജസ്റ്റിസ് സിരിജഗന്റെ ഉത്തരവിലുണ്ടായിരുന്നു.
എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം തയ്യാറാക്കിയിരിക്കുന്നത്.

1991 ജനുവരി 18ന് വയനാട് ജില്ലാ കലക്ടര്‍ റവന്യൂബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഭൂമി കൈയേറ്റത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും നടത്തിയിരുന്നില്ല.