നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെയും ദല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പേരെടുത്ത് പറഞ്ഞ് രാജി ആവശ്യപ്പെടുകയും ചെയ്ത നടി ജ്യോതികയ്ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം.
യാതൊരുവിധ അര്‍ദ്ധസത്യങ്ങളും നയതന്ത്രപരമായ ഒളിച്ചുകളികളുമില്ലാതെ സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിയ താരത്തിന് വലിയ രീതിയിലുള്ള പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
സാധാരണയായി ഇത്തരം വിഷയങ്ങളില്‍ സെലിബ്രിറ്റികള്‍ സ്വീകരിക്കുന്ന ഡിപ്ലോമാറ്റിക് ആയ നിലപാടുകളില്‍ നിന്നും അനാവശ്യ സങ്കടങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതാണ് ജ്യോതികയുടെ പ്രതികരണമെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
ഒരു രാഷ്ട്രീയ വിഷയത്തെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കാതെ, പേര് പറയേണ്ടിടത്ത് പേരും നേര് പറയേണ്ടിടത്ത് നേരും തുറന്നുപറയാന്‍ താരം മടിച്ചില്ല.

വ്യാജ വാത്സല്യങ്ങള്‍ കാണിക്കാതെ, സമരരംഗത്തുള്ള കുട്ടികളെ ആവശ്യമില്ലാത്ത കണ്ണീരും കരുതലും കൊണ്ട് വെറുപ്പിക്കാതെ, കൃത്യമായ രാഷ്ട്രീയ തിരിച്ചറിവോടെയാണ് അവര്‍ സംസാരിച്ചത്. താന്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നത് എന്ന കൃത്യതയും വ്യക്തതയും ജ്യോതികയുടെ വാക്കുകളില്‍ ഉണ്ടായിരുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.
‘Step down Dharmendra Pradhan. Resign.’ ഇങ്ങനെയാണ് ജ്യോതികയുടെ പോസ്റ്റ് തുടങ്ങുന്നത്. പേരെടുത്തു പറയാനോ അമ്മമാര്‍ എന്ന നിലയില്‍ ഞങ്ങളുടെ മക്കള്‍ സോനം വാങ്ചുക്കിനെയും, അഭിജീത് ദിപ്‌കെയെയും, സൗരവ് ദാസിനെയും പോലെ വളരാനാണ് ആഗ്രഹിക്കുന്നത് എന്നു പറയാനോ അവര്‍ക്ക് മടിയില്ല.
പേര് പറയേണ്ടിടത്ത് പേര്, നേര് പറയേണ്ടിടത്ത് നേര്. ഡിപ്ലോമാറ്റിക് ആയ ഒളിച്ചുകളികളോ അര്‍ദ്ധസത്യങ്ങളോ ഇല്ല. കേള്‍ക്കുമ്പോള്‍ യുക്തിപരമെന്ന് തോന്നുകയും, എന്നാല്‍ എല്ലാ അനീതിയെയും സാധാരണവല്‍ക്കരിക്കുകയും ചെയ്യുന്ന അനുകൂലശത്രുക്കളുടെ പുകമറകള്‍ ഇല്ല.

വ്യാജ വാത്സല്യങ്ങളും അനവസര അമ്മത്തങ്ങളും നിഷ്‌ക്രിയ നിഷ്‌കളങ്കതകളും ഇല്ല. ഉണ്ണികളെ ഓര്‍ത്തുള്ള തറവാട്ടമ്മയുടെ വിങ്ങലോ വിതുമ്പലോ ഇല്ല. ഒരു രാഷ്ട്രീയ പ്രശ്നത്തെ അവര്‍ അരാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നില്ല, അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കുട്ടികളെ അവര്‍ക്ക് ആവശ്യമില്ലാത്ത കണ്ണീരും കരുതലും കൊണ്ട് വെറുപ്പിക്കാന്‍ നോക്കുന്നില്ല.
ഞാന്‍ എവിടെയാണ് നില്‍ക്കുന്നത്, ഈ നിമിഷം ഞാന്‍ എന്തിനൊപ്പമാണ്, അതാണ് ഇപ്പോള്‍ പറയേണ്ടത് എന്ന തിരിച്ചറിവ് പോലും രാഷ്ട്രീയമാണ്. കൃത്യത, വ്യക്തത, ജ്യോതിക,’ എന്നായിരുന്നു ഷിബു ഗോപാലകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
പല സെലിബ്രേറ്റികളും വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ അറിയിച്ച് മുന്നോട്ട് വന്നിരുന്നെന്നും എന്നാല്‍ ഏറ്റവും വ്യക്തമായും യാതൊരു മടിയും കൂടാതെയും നിലപാട് പറഞ്ഞത് ജ്യോതികയാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.
പലരും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും ഉത്തരവാദിത്തത്തെക്കുറിച്ചും സംസാരിച്ചു. പക്ഷേ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യം ഇത്ര വ്യക്തമായി തുറന്നുപറഞ്ഞത് ജ്യോതികയാണ്.
പലരും പറയാന്‍ മടിച്ച കാര്യം അവര്‍ ധൈര്യത്തോടെ പറഞ്ഞു. സ്വന്തം നിലപാട് മറച്ചുവെക്കാതെ തുറന്നുപറഞ്ഞ ആ ധൈര്യം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

ജ്യോതിക
ജ്യോതികയുടെ കുറപ്പിന്റെ പൂര്‍ണ്ണരൂപം
‘ധര്‍മ്മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയുക. രാജിവെക്കുക. നമ്മുടെ രാജ്യത്തിന്റെ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ഭാവിക്കുമൊപ്പം ഞാന്‍ നില്‍ക്കുന്നു. ഞാന്‍ ഉത്തരവാദിത്തത്തിനൊപ്പം നില്‍ക്കുന്നു. ജനാധിപത്യ ഇന്ത്യക്ക് വേണ്ടി നിലകൊള്ളുന്നു. വിദ്യാഭ്യാസ പരിഷ്‌കരണത്തിന് വേണ്ടി നിലകൊള്ളുന്നു.
സോനം വാങ്ചുക്, അഭിജിത് ദിപ്കെ, സൗരവ് ദാസ്… നിങ്ങളെപ്പോലെയുള്ള മക്കളെ വളര്‍ത്താന്‍ കഴിയുന്ന അമ്മമാരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയുന്ന ‘ജെന്‍സി’ തലമുറയെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു.
നിങ്ങള്‍ ഒന്നിച്ച് തെളിയിച്ചു, ‘നമ്മള്‍’ ആണ് ഇന്ത്യ എന്ന്. സമ്മര്‍ദങ്ങളെ തകര്‍ത്തെറിഞ്ഞതിന് നന്ദി. ഞങ്ങളെ നിര്‍ഭയരാക്കിയതിന് നന്ദി. ജയ് ഹിന്ദ്.’
വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി ചലച്ചിത്ര മേഖലയില്‍ നിന്ന് വലിയ നിര തന്നെ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചും പലരും സംസാരിച്ചെങ്കിലും, വിദ്യാഭ്യാസ മന്ത്രിയുടെ രാജി നേരിട്ട് ആവശ്യപ്പെട്ടത് ജ്യോതികയാണെന്നതാണ് ഏറെ ശ്രദ്ധേയമായത്.
മലയാള സിനിമയില്‍ നിന്നും ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, വിസ്മയ മോഹന്‍ലാല്‍, മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മീനാക്ഷി, സിജു സണ്ണി, റഹ്മാന്‍, വിനയ് ഫോര്‍ട്ട്, കാളിദാസ് ജയറാം, നസ്‌ലെന്‍, നിഖില വിമല്‍, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിര്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. തമിഴ്, ബോളിവുഡ് സിനിമാ ലോകത്തുനിന്നും നിരവധി താരങ്ങള്‍ ദല്‍ഹി സമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: Calling names where needed and speaking truth where needed, Actress Jyothika receives applause
