ഐ.സി.സി ടി-20 ലോകകപ്പില്‍ നിന്നും ബംഗ്ലാദേശ് പിന്മാറിയതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ലോകകപ്പ് കളിക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവെച്ച ആവശ്യശങ്ങള്‍ പരിഗണിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തയ്യാറാകാതെ വന്നപ്പോഴാണ് കടുവകള്‍ അപെക്‌സ് ബോര്‍ഡിനോട് കലഹിച്ച് ലോകകപ്പില്‍ നിന്നും പിന്മാറിയത്.
ഇന്ത്യയില്‍ തങ്ങള്‍ സുരക്ഷിതരല്ല എന്ന ആശങ്കയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും മുമ്പോട്ട് വെച്ചത്. ബംഗ്ലാദേശിന്റെ മത്സരങ്ങളെല്ലാം ലോകകപ്പിന്റെ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബി.സി.ബിയുടെ പ്രധാന ആവശ്യം.

എന്നാല്‍ ഇന്ത്യയില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണിയുമില്ലെന്ന സ്വതന്ത്ര സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ ഐ.സി.സി ഈ ആവശ്യം നിഷ്‌കരുണം നിരാകരിക്കുകായിരുന്നു.

ബംഗ്ലാദേശില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷവും അത് ഇന്ത്യയിലുണ്ടാക്കിയ അലയൊലികളുമാണ് ഫലത്തില്‍ ബംഗ്ലാദേശിന്റെ പുറത്താകലിന് കാരണമെന്ന് പറയാന്‍ സാധിക്കും. എന്നാല്‍ ഐ.പി.എല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാര്‍ പിക്കുകളിലൊന്നാണ് ഇന്ത്യയില്‍ ഈ ചര്‍ച്ചയും വിവാദവും രൂക്ഷമാക്കിയത്.
ഐ.പി.എല്‍ 2026ന് മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ സൂപ്പര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ കെ.കെ.ആര്‍ ടീമിലെത്തിച്ചിരുന്നു. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 9.2 കോടിക്കാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെത്തിച്ചത്.

മുസ്തഫിസുര്‍ റഹ്‌മാന്‍
മുസ്തഫിസുറിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചതോടെ ഹിന്ദുത്വ സംഘടനകള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഒടുവില്‍ ഗത്യന്തരമില്ലാതെ കൊല്‍ക്കത്തയ്ക്ക് മുസ്തഫിസുറിനെ ഒഴിവാക്കേണ്ടതായും വന്നു.
