കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌
Discourse
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2012, 12:40 pm

വാള്‍പ്പയറ്റിനു പറ്റിയ സ്ഥലം നല്ലൊരു പീഠഭൂമി തന്നെ. ചുറ്റും മരങ്ങള്‍ നിറഞ്ഞത് ചുറ്റിക്കളിക്കാന്‍. നിറയെ വേരുകള്‍ പൊന്തിനില്ക്കുന്നത് കയറിയും ഇറങ്ങിയും പയറ്റാന്‍. ചെറിയ കല്ലുകള്‍ നിറഞ്ഞത്, ബാലന്‍സ് തെറ്റാന്‍. നിറയെ പാറകള്‍ നിറഞ്ഞത് ചാടിമറിയാനും ഓടിക്കയറാനും. എല്ലാറ്റിനേയും കുളിപ്പിച്ചുകൊണ്ട് നിലാവ് പരന്നൊഴുകുന്നു. വാള്‍പ്പയറ്റിന് ഇതിനേക്കാള്‍ പറ്റിയൊരു പരീക്ഷണ സ്ഥലം കാണാനൊക്കില്ല

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: പത്തൊമ്പത്‌


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


ഒരു കാല്‍മണിക്കൂര്‍ കൂടിയോ? പറ്റില്ല. ഇനിഗോ വിളിച്ചുപറഞ്ഞു:. “നോക്കൂ, എന്റെ കയ്യില്‍ ഒരു കഷണം കയറുണ്ട്. ഞാനത് താഴേക്ക് എറിഞ്ഞുതരാം. പിടിച്ചോളൂ. ഞാന്‍ മുകളിലേക്ക് വലിക്കാം.”

“രക്ഷയില്ല”. കറുത്ത മനുഷ്യന്‍ പറഞ്ഞു. “നീയത് വലിക്കും. പിന്നെ വിടും. നിനക്ക് എന്നെ കൊല്ലാന്‍ തിരക്കായിരിക്കുകയല്ലെ?”[]

“നിന്നെ കൊല്ലാനാണ് ഞാന്‍ കാത്തിരിക്കുന്നതെന്ന് നിന്നോട് പറഞ്ഞത് ഞാനല്ലേ? അതുകൊണ്ട് നിനക്കെന്നെ വിശ്വസിക്കാം.”
“പറ്റില്ല. നിനക്കതില്‍ വിഷമം തോന്നുകയില്ലല്ലോ?”
“നിനക്കൊരിക്കലും എന്നെ വിശ്വസിക്കാനാവില്ലേ?”
“തോന്നുന്നില്ല.”

ഇനിഗോ തന്റെ വലംകൈ ആകാശത്തിലേക്കുയര്‍ത്തി. “ഡോമിന്‍ഗോ മോണ്‍ടോയയുടെ ആത്മാവിന്റെ പേരില്‍ ഞാന്‍ സത്യം ചെയ്യുന്നു. നീ വേഗം ജീവനോടെ മുകളിലെത്തുമെന്ന്.”

കറുത്തവന്‍ കുറെനേരം മൗനിയായിരുന്നു. പിന്നെ മുകളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു:
“നിന്റെ ഡോമിന്‍ഗോയെ എനിക്കറിയില്ല. പക്ഷേ, നിന്റെ സ്വരം എന്നോടു പറയുന്നു, നിന്നെ വിശ്വസിക്കാമെന്ന്. കയറെറിഞ്ഞുതരൂ.”

ഇനിഗോ പെട്ടെന്നു തന്നെ കയറൊരു പാറയോട് ബന്ധിച്ചു. എന്നിട്ട് മറ്റേ അറ്റം താഴേക്കെറിഞ്ഞുകൊടുത്തു. കറുത്ത മനുഷ്യന്‍ കയറിന്റെ അറ്റത്ത് പിടിച്ചു തൂങ്ങിക്കിടന്നു. ഇനിഗോ കയര്‍ വലിച്ചു. ഒരു മിനിട്ടിനുള്ളില്‍ അയാള്‍ മുകളിലെത്തി.

“നന്ദി.” കറുത്ത മനുഷ്യന്‍ ഒരു കല്ലിമേല്‍ ഇരുന്നു. ഇനിഗോ അയാളുടെ അടുക്കലായിരുന്നു. “നമുക്കു കുറച്ചു നേരം കാത്തിരിക്കാം. നീ തയ്യാറാവുന്നതു വരെ.”
“വീണ്ടും നന്ദി.”

“നീ എന്തിനാണ് ഞങ്ങളെ പിന്തുടര്‍ന്നത്?”
“നിങ്ങള്‍ വിലപിടിച്ച ഒരു സാധനമാണ് കൊണ്ടുപോയിരിക്കുന്നത്.”
“അതു വില്ക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല.”
“അതു നിങ്ങളുടെ കാര്യം.”
“പിന്നെ നിങ്ങളുടേതോ?”
കറുത്ത മനുഷ്യന്‍ ഉത്തരം പറഞ്ഞില്ല.

ദൈവമേ, ഇയാള്‍ക്ക് വാള്‍പ്പയറ്ററിയേണമേ!
ഇയാള്‍ സമര്‍ത്ഥനായൊരു അഭ്യാസി ആയിരിക്കണമേ. എത്ര കൊല്ലമായി ഞാനൊന്നു നന്നായി പയറ്റിയിട്ട്

ഇനിഗോ എഴുന്നേറ്റു നിന്നു. എന്നിട്ടയാള്‍ ചുറ്റുപാടുമൊന്നു പരിശോധിച്ചു. വാള്‍പ്പയറ്റിനു പറ്റിയ സ്ഥലം നല്ലൊരു പീഠഭൂമി തന്നെ. ചുറ്റും മരങ്ങള്‍ നിറഞ്ഞത് ചുറ്റിക്കളിക്കാന്‍. നിറയെ വേരുകള്‍ പൊന്തിനില്ക്കുന്നത് കയറിയും ഇറങ്ങിയും പയറ്റാന്‍. ചെറിയ കല്ലുകള്‍ നിറഞ്ഞത്, ബാലന്‍സ് തെറ്റാന്‍.

നിറയെ പാറകള്‍ നിറഞ്ഞത് ചാടിമറിയാനും ഓടിക്കയറാനും. എല്ലാറ്റിനേയും കുളിപ്പിച്ചുകൊണ്ട് നിലാവ് പരന്നൊഴുകുന്നു. വാള്‍പ്പയറ്റിന് ഇതിനേക്കാള്‍ പറ്റിയൊരു പരീക്ഷണ സ്ഥലം കാണാനൊക്കില്ല. എല്ലാമുണ്ടിതിന്. ഒരു വശത്ത് അഗാധമായ കൊക്ക. എല്ലാം ശരിയാവണമെങ്കില്‍ മറ്റയാള്‍ക്ക് വാള്‍പ്പയറ്ററിയണം.

ഇനിഗോ വാള്‍ ഉറയില്‍നിന്നൂരി. തന്റെ രണ്ടു കവിളിലേയും മുറിപ്പാടുകളില്‍ വാള്‍കൊണ്ടു തൊട്ടു. അതിനുശേഷം അയാള്‍ കറുത്ത മനുഷ്യനെ സൂക്ഷിച്ചുനോക്കി. ഇയാളൊരു നാവികനാണ് തീര്‍ച്ച. ഒരു നല്ല മലകയറ്റക്കാരന്‍. ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്ത വിധം ധീരന്‍. എങ്കിലും അയാള്‍ക്ക് വാള്‍പ്പയറ്ററിയില്ലെങ്കിലോ?

ഇനിഗോ പ്രാര്‍ത്ഥിച്ചു: “ദൈവമേ, ഇയാള്‍ക്ക് വാള്‍പ്പയറ്ററിയേണമേ!
ഇയാള്‍ സമര്‍ത്ഥനായൊരു അഭ്യാസി ആയിരിക്കണമേ. എത്ര കൊല്ലമായി ഞാനൊന്നു നന്നായി പയറ്റിയിട്ട്. അയാള്‍ എനിക്ക് തുല്യനായിരിക്കണമേ.”

“എനിക്കെന്റെ ശ്വാസം തിരിച്ചുകിട്ടി. വിശ്രമമനുവദിച്ചതിന് നന്ദി.” കറുത്ത ആള്‍ പാറപ്പുറത്തിരുന്നുകൊണ്ടു വിളിച്ചു പറഞ്ഞു.
“എങ്കില്‍ നമുക്കു തുടങ്ങാം”- ഇനിഗോ.

കറുത്തവന്‍ എഴുന്നേറ്റു നിന്നു.
“നിങ്ങള്‍ നല്ലൊരു ആളാണെന്നു തോന്നുന്നു. നിങ്ങളെ കൊല്ലാനെനിക്കിഷ്ടമില്ല”- ഇനിഗോ.
“നിങ്ങള്‍ നല്ലൊരാള്‍ ആണെന്നു തോന്നുന്നു. എനിക്ക് മരിക്കാന്‍ ഇഷ്ടമില്ല”- കറുത്തവന്‍.
“എന്നാല്‍ നമ്മിലൊരാള്‍ മരിക്കേണ്ടിയിരിക്കുന്നു”- ഇനിഗോ.

ഇനിഗോ ആറുവിരല്‍ വാള്‍ തന്റെ ഇടതുകൈയിലെടുത്തു. കഴിഞ്ഞ കുറെ കൊല്ലങ്ങളായി അയാള്‍ ഇടതുകൈകൊണ്ടാണ് അങ്കം വെട്ടിയിരുന്നത്.
അതൊരു നല്ല പ്രാക്ടീസല്ലേ. ഇടതുകൈതന്നെ ഒരുപക്ഷേ, മുപ്പതാള്‍ക്ക് തുല്യമായിരുന്നിരിക്കാം. അല്ലെങ്കില്‍ അന്‍പത്, ഒരു പക്ഷേ വെറും പത്ത്.

കറുത്ത മനുഷ്യനും ഇടതുകൈയാണ് ഉപയോഗിച്ചത്. അത് ഇനിഗോയെ സന്തുഷ്ടനാക്കി. അയാളുടെ ശക്തി തന്റെ ദൗര്‍ബല്യമാകുന്നു. എല്ലാം നല്ലതുതന്നെ. എല്ലാം ന്യായം. അവര്‍ വാളുകള്‍ കൂട്ടിമുട്ടിച്ചു.

എന്നിട്ടും അയാളുടെ ബാലന്‍സ് നഷ്ടപ്പെട്ടില്ല. ഇനിഗോയ്ക്ക് വീണ്ടും അത്ഭുതമായി

കറുത്ത മനുഷ്യന്‍ “അഗ്രിപ്പാ ഡിഫന്‍സ്” തുടങ്ങി. പാറക്കൂട്ടത്തിന് പറ്റിയ രീതിയാണല്ലോ അതെന്ന് ഇനിഗോ ഓര്‍ത്തു. കാരണം അഗ്രിപ്പാ രീതിയില്‍ കാലുകള്‍ നിലത്തൊരു സ്ഥലത്ത് ഉറച്ചു നില്ക്കുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള തെന്നല്‍ വളരെ കുറവായിരിക്കും.

സ്വാഭാവികമായും ഇനിഗോ “കാപോ ഫെറോ”രീതിയില്‍ തിരിച്ചടിച്ചു. കറുത്ത മനുഷ്യന്‍ തെല്ലൊന്നമ്പരന്നുവെങ്കിലും “തിബാള്‍ട്ട് തത്ത്വങ്ങള്‍” ഉപയോഗിച്ച് വേഗത്തില്‍ തടുത്തു.

ഇനിഗോ പുഞ്ചിരിച്ചു. ആരും ഈ രീതിയില്‍ തന്നെ ഇതുവരെ തടുത്തിട്ടില്ല. അയാള്‍ കറുത്ത മനുഷ്യനെ മുന്നേറാന്‍ അനുവദിച്ചു. ആദ്യം അങ്ങനെയാവട്ടെ. പതുക്കെപ്പതുക്കെ ഇനിഗോ മരങ്ങളുടെ പിന്നിലേക്ക് നീങ്ങി. “സോണറ്റി” രീതിയില്‍ തടുത്തുകൊണ്ട് പെട്ടെന്ന് ഇനിഗോ ഒരു മരത്തിന്റെ പിന്നില്‍ മറഞ്ഞു.

കറുത്ത ആള്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. ഇനിഗോ പെട്ടെന്ന് മരത്തിന്റെ മറവില്‍നിന്നും ചാടി മുന്നോട്ടു വീണു. കറുത്ത ആളെ ആക്രമിക്കാന്‍ തുടങ്ങി. കറുത്ത മനുഷ്യന്‍ മുന്നോട്ടു നീങ്ങാന്‍ തുടങ്ങി. എന്നിട്ടും അയാളുടെ ബാലന്‍സ് നഷ്ടപ്പെട്ടില്ല. ഇനിഗോയ്ക്ക് വീണ്ടും അത്ഭുതമായി.
തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്