തിയേറ്ററില്‍ സൂപ്പര്‍ഹിറ്റായ സിനിമകള്‍ ഒ.ടി.ടിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ റെക്കോഡ് കളക്ഷന്‍ നേടിയ ചിത്രം അങ്ങേയറ്റത്തെ ട്രോള്‍ മെറ്റീരിയലാകുന്ന അപൂര്‍വകാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ദൃശ്യം 3യാണ് ഇപ്പോള്‍ ട്രോളന്മാര്‍ക്ക് ചാകര നല്‍കുന്നത്.
തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ പല പ്രശ്‌നങ്ങളും വിമര്‍ശനത്തിന് വിധേയമായിരുന്നെങ്കിലും ഒ.ടി.ടിയിലെത്തിയപ്പോള്‍ എല്ലാം ട്രോള്‍ മെറ്റീരിയലായി മാറി. ജീത്തു ജോസഫിന്റെ സ്‌ക്രിപ്റ്റിലും മേക്കിങ്ങിലുമുള്ള പ്രശ്‌നങ്ങളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ദൃശ്യം പോലെ വലിയ ഫാന്‍ ബേസുള്ള ഒരു ഫ്രാഞ്ചൈസിയില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത പല കാര്യങ്ങളും ജീത്തു മൂന്നാം ഭാഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.
ദൃശ്യം 3 Photo: Troll meme Malayalam/ Facebook
ട്വിസ്റ്റെന്ന പേരില്‍ ഭയങ്കര സംഭവമായി കാണിച്ച പല രംഗങ്ങളും ഇതിനോടകം ട്രോള്‍ മെറ്റീരിയലായി മാറി. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ സിദ്ദിഖ് അവതരിപ്പിച്ച പ്രഭാകര്‍ ഐ.ജി തോമസ് ബാസ്റ്റിനോട് തന്റെ പ്ലാന്‍ വ്യക്തമാക്കുന്ന സീനിനെ എടുത്തിട്ട് അലക്കുകയാണ് ട്രോളന്മാര്‍. സിനിമയുടെ ആദ്യം മുതല്‍ ജോര്‍ജുകുട്ടിയുടെ മകള്‍ക്ക് കല്യാണാലോചനയുമായി എത്തുന്ന ബ്രോക്കര്‍ മത്തായി പ്രഭാകറിന്റെ ആളാണെന്ന് വലിയ മാസ് ബി.ജി.എം നല്‍കിക്കൊണ്ടാണ് കാണിക്കുന്നത്.
ഗംഭീര ട്വിസ്റ്റെന്ന രീതിയില്‍ സംവിധായകന്‍ അവതരിപ്പിച്ച ഈ സീന്‍ അങ്ങേയറ്റത്തെ നിര്‍വികാരതയാണ് സമ്മാനിച്ചത്. മറിമായത്തിലൂടെ ശ്രദ്ധ നേടിയ റിയാസ് നര്‍മകലയാണ് ബ്രോക്കര്‍ മത്തായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. രണ്ടേമുക്കാല്‍ മണിക്കൂര്‍ സിനിമയില്‍ റിയാസിന് ചുരുങ്ങിയത് പത്ത് സീനിനടുത്ത് ഉണ്ട്.
ദൃശ്യം 3 Photo: Troll meme Malayalam/ Facebook
എന്നാല്‍ ആദ്യപകുതിയിലെ സീനുകളെല്ലാം ഒരേ തരത്തിലുള്ളവയാണ്. ജോര്‍ജുകുട്ടിയുടെ വീട്ടിലേക്ക് വരുന്നു, കല്യാണക്കാര്യം പറയുന്നു, പോകുന്നു, വീണ്ടും വരുന്നു, കല്യാണം മുടങ്ങിയെന്ന് പറയുന്നു, വീണ്ടും പോകുന്നു. ഈയൊരു സൈക്കിളാണ് ബ്രോക്കര്‍ മത്തായിക്ക് ദൃശ്യം 3യിലുള്ളത്.
പ്രഭാകറിന്റെയടുത്ത് നിന്ന് പൈസ വാങ്ങി അഞ്ജുവിന് കല്യാണാലോചനയുമായി എത്തുന്ന ബ്രോക്കര്‍ മത്തായിയെ ട്രോളന്മാര്‍ വെറുതെ വിടുന്നില്ല. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ദി ടൈഗറിന്റെ ക്ലൈമാക്‌സിന്റെ സ്‌ക്രീന്‍ഷോട്ടില്‍ റിയാസിന്റെ മുഖം വെച്ചുകൊണ്ടുള്ള ട്രോള്‍ പലരെയും ചിരിപ്പിച്ചു. ടൈഗറിലെ മുസാഫിറിനെക്കാള്‍ വലിയ ട്വിസ്റ്റാണ് ഇതെന്നും പരിഹാസമുണ്ട്.