സിംബാബ്‌വേയുടെ ചരിത്രം തിരുത്തിയ നോട്ട് ഔട്ട്; ഓസീസിനെ വെട്ടിക്കൂട്ടിയ വകയില്‍ ബ്രയാന്‍ ഒന്നാമന്‍!
Cricket
സിംബാബ്‌വേയുടെ ചരിത്രം തിരുത്തിയ നോട്ട് ഔട്ട്; ഓസീസിനെ വെട്ടിക്കൂട്ടിയ വകയില്‍ ബ്രയാന്‍ ഒന്നാമന്‍!
ശ്രീരാഗ് പാറക്കല്‍
Saturday, 14th February 2026, 10:00 am

ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ വമ്പന്‍ വിജയമാണ് സിംബാബ്വേ സ്വന്തമാക്കിയത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിന്റെ വിജയമാണ് ഷെവ്റോണ്‍സ് നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്വേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് അടിച്ചെടുത്തത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ 146 റണ്‍സിന് കങ്കാരുപ്പട ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കാനും സിംബാബ്വേക്ക് സാധിച്ചിരിക്കുകയാണ്.

ഷെവ്‌റോണ്‍സിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് 56 പന്തില്‍ പുറത്താകാതെ 64* റണ്‍സെടുത്ത ബ്രയാന്‍ ബെന്നെറ്റാണ്. ഏഴ് ഫോര്‍ ഉള്‍പ്പെടെയാണ് ബ്രയാന്‍ ഓപ്പണിങ്ങില്‍ നിന്നും സിംബാബ്‌വേയെ മുന്നോട്ട് നയിച്ചത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബ്രയാന് സാധിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരെ ടി-20യിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സിംബാബ്‌വേ താരമാകാനാണ് ബെന്നറ്റിന് സാധിച്ചത്. ഈ നേട്ടത്തില്‍ സിംബാബ്‌വേ താരം സോളമന്‍ മിറെയെയാണ് ബ്രയാന്‍ മറികടന്നത്.

ഓസ്‌ട്രേലിയക്കെതിരെ അന്താരാഷ്ട്ര ടി-20യിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സിംബാബ്‌വേ താരം

ബ്രയാന്‍ ബെന്നറ്റ് – 64*

സോളമന്‍ മിറെ – 63

ബ്രണ്ടന്‍ ടൈലര്‍ – 60*

അതേസമയം മത്സരത്തില്‍ 21 പന്തില്‍ 35 റണ്‍സെടുത്ത് തടിവാന്‍ഷെ മറുമാണിയും 30 പന്തില്‍ 35 റണ്‍സെടുത്ത റയാന്‍ ബേളും പുറത്തായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 13 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ബ്ലെസിങ് മുസാരബാനിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് സിംബാബ്വേ വിജയം കീഴടക്കിയത്. ഓസീസ് ഓപ്പണ്‍ ജോഷ് ഇംഗ്ലിസ് (8), ടിം ഡേവിഡ് (0), മാറ്റ് റെന്‍ഷോ (65), ആദം സാംപ (2) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്.

Content Highlight: Brian Bennet In Great Record Achievement Against Australia In T20i

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ