ബ്രസീലിന്റെ ഇതിഹാസ താരമായ മാര്‍ത്ത വിയേര ഡി സില്‍വ മഞ്ഞക്കുപ്പായത്തില്‍ തന്റെ ആറാം ലോകകപ്പ് കളിക്കാനൊരുങ്ങുകയാണ്. 2023ലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് പറയുകയാണ് താരമിപ്പോള്‍. ബ്രസീലിലെ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. മറ്റ് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട ഒരു സമയം വരുമെന്ന് താന്‍ മനസിലാക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

മാര്‍ത്തയുടെ പേര് ലോക കുട്‌ബോളിനെ കീഴടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ലോക ഫുട്‌ബോളറാകുന്നതിന് മുന്‍പ് മാര്‍ത്തയെന്ന വനിതാ താരം ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. 2007ല്‍ കക്ക മികച്ച പുരുഷതാരമാകുമ്പോള്‍ മികച്ച വനിതാ താരം ബ്രസീലിന്റെ മാര്‍ത്തയായിരുന്നു. ആറ് തവണയാണ് ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് താരം സ്വന്തമാക്കിയത്.

2003ല്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച 37കാരി 117 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌കോററാണ്. മൂന്ന് തവണ കോപ്പ അമേരിക്ക കിരീടം നേടിയെങ്കിലും ഇതുവരെ ലോകകപ്പ് ഉയര്‍ത്തിയിട്ടില്ല. 2007ല്‍ ബ്രസീല്‍ റണ്ണറപ്പായ ടൂര്‍ണമെന്റില്‍ മാര്‍ത്ത മികച്ച പ്രകടനം നടത്തിയിരുന്നു. 2007ല്‍ ലോകകപ്പില്‍ ടോപ്‌സ്‌കോററാകുകയും മകച്ച കളിക്കാരിക്കുള്ള സ്വര്‍ണപ്പന്ത് നേടുകയും ചെയ്തു.

ബ്രസീലിലെ അല്‍ഗോസിലെ ഫവേലകളിലാണ് മാര്‍ത്ത പന്തുതട്ടി വളര്‍ന്നത്. ബ്രസീലിലെ പ്രമുഖ വനിതാ കോച്ച് ഹെല്‍ന പഷെയോയാണ് മാര്‍ത്തയുടെ ജീവിതം തന്നെ മാറ്റിയത്. മാര്‍ത്തയിലെ പ്രതിഭ കണ്ടറിഞ്ഞ ഹെല്‍ന റിയോ ഡി ജനീറോയിലെ പ്രമുഖ ക്ലബ്ബായ വാസ്‌കോ ഡ ഗാമയിലേക്ക് ക്ഷണിച്ചതോടെയാണ് താരം ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.

വാസ്‌കോ ഡ ഗാമ ക്ലബ്ബിലെ മികച്ച പ്രകടനം മാര്‍ത്തയ്ക്ക് ബ്രസീല്‍ അണ്ടര്‍ 19 ടീമിലേക്കുള്ള വഴിതുറന്നു. 2014ല്‍ ബ്രസീലില്‍ നടന്ന പുരുഷ ലോകകപ്പിന്റെ അംബാസഡര്‍മാരിലെ ഏക വനിതയായിരുന്നു മാര്‍ത്ത. 2004, 2008 ഒളിമ്പിക്‌സുകളില്‍ വെള്ളിമെഡല്‍ നേടിയ ബ്രസീല്‍ ടീമിലംഗമായിരുന്നു മാര്‍ത്ത.

Content Highlight:  Brazilian Marta about her final World Cup tournament