കോഴിക്കോട്: ശബിരമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധി മുന്‍ നിര്‍ത്തി ശബരിമല ദര്‍ശനത്തിന് പോയ കൊയിലാണ്ടി സ്വദേശിനി ബിന്ദുവിന്റെ വീടിന് മുന്നിലും ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. കൊയിലാണ്ടി സ്വദേശിനി ബിന്ദുവിന്റെ വീടിന് മുന്നില്‍ ഇരുപതോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നത്.

നേരത്തെ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട മലപ്പുറം സ്വദേശി കനകദുര്‍ഗയുടെ വീടിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ബിന്ദുവിന്റെ വീട്ടിലേക്കും പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകരെത്തിയത്. കനകദുര്‍ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

Read Also : രക്തം വീഴ്ത്തി സന്നിധാനം അശുദ്ധരാക്കാന്‍ ആഹ്വാനം ചെയതവരാണോ നിങ്ങള്‍ക്ക് ഭക്തര്‍; ജനം ടി.വി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് യുവതികളുടെ മറുപടി

ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും കനകദുര്‍ഗയും പമ്പയിലെത്തിയത്. 45 വയസിന് താഴെയാണ് ഇരുവരുടെയും പ്രായം.

അതേസമയം പൊലീസ് സുരക്ഷയോടെ ഇരുവരും സന്നിധാനത്തേക്ക് നീങ്ങുകയാണ്. യുവതികള്‍ മരക്കൂട്ടം പിന്നിട്ട് ചന്ദ്രാനന്ദന്‍ റോഡിലെത്തിയിട്ടുണ്ട്. ചെറിയതോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പൊലീസ് പ്രതിഷേധക്കാരെ മാറ്റി മുന്നോട്ടുപോകുകയാണ്.

നേരത്തെ അപ്പാച്ചിമേട്ടിലും യുവതികളെ തടഞ്ഞിരുന്നു. മുപ്പതോളം വരുന്ന പ്രതിഷേധക്കാരാണ് യുവതികളെ തടഞ്ഞത്. യുവതികള്‍ക്ക് സംരക്ഷണമൊരുക്കാനായി പമ്പയില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്.