ന്യൂദല്‍ഹി: പതിനാലു പേരുടെ മരണത്തിനിടയാക്കിയ മുംബൈയിലെ കമലാ മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തെ കുറിച്ച് വിവാദ പ്രസ്ഥാവനയുമായി ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. മുംബൈയിലെ ഉയര്‍ന്ന ജനപെരുപ്പമാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു അവരുടെ പ്രസ്ഥാവന.
പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. മുംബൈയില്‍ പൊലീസുകാര്‍ കാര്യക്ഷമായി ജോലി ചെയ്യുന്നുണ്ടെന്നും എന്നാല്‍ മുംബൈയിലെ ജനപ്പെരുപ്പം ആണ് പ്രശ്‌നത്തിന് കാരണമെന്നുമായിരുന്നു അവരുടെ പ്രസ്ഥാവന.
ന്യൂസ് 18 ചാനലാണ് ഹേമമാലിനിയുടെ വീഡിയോ പുറത്ത് വിട്ടത്.ഇന്നു പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ പതിനൊന്നു സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമുള്‍പ്പടെ പതിനാലു പേരാണ് മരിച്ചത്. പിറന്നാള്‍ ആഘോഷത്തിന് ഒത്തു ചേര്‍ന്നതായിരുന്നു ഇവര്‍. പിറന്നാളുകാരിയായ സ്ത്രീയും മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.നിരവധി ഓഫീസുകളും ഹോട്ടലുകളും ഫ്‌ലാറ്റുകളുമൊക്കെയുള്ള നാല്‍പ്പതോളം ഏക്കര്‍ കോമ്പൗണ്ടിലാണ് തീപിടുത്തമുണ്ടായത്.
മോജോ ബ്രിസ്റ്റോ എന്ന റസ്റ്ററന്റില്‍നിന്നാണ് തീപടര്‍ന്നത്. അരമണിക്കൂര്‍കൊണ്ടാണ് ഈ ഹോട്ടലിന് സമീപത്തെ കെട്ടിടങ്ങളെല്ലാം അഗ്‌നിക്കിരയായത്. നിരവധി മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഈ ഭാഗത്താണ്. തീപിടിത്തത്തെത്തുടര്‍ന്ന് ചില ചാനലുകളുടെ പ്രവര്‍ത്തനം തന്നെ സ്തംഭിച്ചു.
