കുമ്മനം രാജശേഖരനെ മാറ്റി രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാന പ്രസിഡന്റിനെ നിയമിക്കാന്‍ കഴിയാതെ ബി.ജെ.പി പ്രതിസന്ധിയില്‍. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി വി.മുരളീധരന്‍പക്ഷവും കൃഷ്ണദാസ്പക്ഷവും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതാണ് ദേശീയ നേതൃത്വത്തെ കുഴക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പത്ത് സീറ്റ് പിടിച്ചെടുക്കാനാണ് ദേശീയ പ്രസിഡന്റ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിര്‍ദേശം. ഇതിനായി ഓരോ മണ്ഡലങ്ങളിലും നേതാക്കള്‍ക്ക് ചുമതലും നല്‍കിയിട്ടുണ്ട്. മത്സരിക്കാന്‍ സാധ്യതയുള്ള മൂന്ന് മണ്ഡലങ്ങള്‍ വീതമാണ് ഓരോ നേതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തര്‍ക്കം തല്‍ക്കാലം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമിത് ഷാ അവസാനമായി നല്‍കിയിരിക്കുന്ന സന്ദേശം. സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാന്‍ ദേശീയ നേതൃത്വം നിയോഗിച്ച പാര്‍ട്ടിയുടേയും ആര്‍.എസ്.എസിന്റെയും നേതാക്കള്‍ സംസ്ഥാന നേതൃത്വവുമായി പലതവണ കൂടിക്കാഴ്ച നടത്തി.

സംസ്ഥാന നേതാക്കള്‍ തങ്ങളുടെ അഭിപ്രായം ദേശീയ നേതാക്കളെ നേരിട്ടും അറിയിച്ചിട്ടുണ്ട്. കെ.സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ് എന്നിവരില്‍ ആര് തെരഞ്ഞെടുക്കപ്പെട്ടാലും മറുവിഭാഗത്തിന് അതൃപ്തിയാകും. നിര്‍ണ്ണായകമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമോയെന്നതാണ് ദേശീയ നേതൃത്വത്തിനെയും കുഴക്കുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പ്രസിഡന്റ് ഇല്ല എന്നത് ബി.ജെ.പിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്നാണ് സംസ്ഥാന നേതാക്കള്‍ പുറത്ത് പറയുന്നത്.
“തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉള്‍പ്പെടെ പാര്‍ട്ടിയുടെ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രവര്‍ത്തകര്‍ ബി.ജെ.പിക്കുണ്ട്. അത്തരമൊരു സംഘടന സംവിധാനമാണ് ബി.ജെ.പിയുടേത്. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ചുമതലാണ് സംസ്ഥാന പ്രസിഡന്റിന് ഉള്ളത്”. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ട ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് പി.എസ്.ശ്രീധരന്‍പിള്ള ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി മെയ് ഇരുപത്തിയഞ്ചിനാണ് തീരുമാനിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു ഈ സ്ഥാന ചലനം. രാഷ്ട്രപതി ഭവന്റെ പത്രക്കുറിപ്പിലൂടെയാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ഈ തീരുമാനം അറിയുന്നത്.
കുമ്മാനം രാജശേഖരന്റെ ഒഴിവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.സുരേന്ദ്രനെ പ്രസിഡന്റാക്കുവാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. മുരളീധരന്‍ പക്ഷത്ത് നിന്നുള്ള സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനെതിരെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തിയതോടെയാണ് ദേശീയ നേതൃത്വം പ്രതിസന്ധിയിലായത്.
ഒത്തുതീര്‍പ്പെന്ന നിലയില്‍ ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നു വന്നെങ്കിലും എതിര്‍പ്പ് ഉയര്‍ന്നതോടെ ആ ചര്‍ച്ചയും പുരോഗമിച്ചില്ല. സുരേന്ദ്രന് പകരം എ.എന്‍ രാധാകൃഷ്ണന്റെ പേര് ഉയര്‍ത്തിക്കൊണ്ട് വന്നു. എന്നാല്‍ രാധാകൃഷ്ണനെ പാര്‍ട്ടി ഘടകങ്ങള്‍ അംഗീകരിച്ചില്ല. കൃഷ്ണദാസും സുരേന്ദ്രനും തമ്മിലാണ് നിലവില്‍ തര്‍ക്കം.
പുതിയ ആളെ വിട്ട് കൊടുക്കാന്‍ സംഘപരിവാറിനും താല്‍പര്യമില്ല. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ വലിയൊരു വിഭാഗവും ആര്‍.എസ്.എസില്‍ നിന്നൊരാള്‍ വീണ്ടും വരുന്നതിന് എതിരാണ്. ഗ്രൂപ്പ് വഴക്ക് അവസാനിപ്പിക്കാന്‍ കൊണ്ട് വന്ന കുമ്മനം രാജശേഖരന്‍ അതില്‍ പരാജയപ്പെട്ടെന്നാണ് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

വി.മുരളീധരന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ പി.കെ കൃഷ്ണദാസിന്റെയും എം.ടി രമേശിന്റെയും പേരുകളാണ് ഉയര്‍ന്നു വന്നത്. ശോഭ സുരേന്ദ്രനും അവകാശവാദവുമായി മുന്നോട്ട് വന്നതോടെ തര്‍ക്കമായി. പ്രശ്‌നം പരിഹരിക്കാന്‍ സംഘപരിവാറില്‍ നിന്നുള്ള ഒരാളെ പ്രസിഡന്റാക്കമെന്ന നിര്‍ദേശം വി.മുരളീധരന്‍ മുന്നോട്ട് വെച്ചു. കുമ്മനം രാജശേഖരന്‍ പ്രസിഡന്റാവുകയും ചെയ്തു.
വി.മുരളീധരന്‍ പ്രസിഡന്റായ സമയത്ത് പാര്‍ട്ടിയില്‍ നിന്നും ഒതുക്കപ്പെട്ടവര്‍ കുമ്മനം രാജശേഖരന്‍ വഴി വീണ്ടും സജീവമായി. ഇത് മുരളീധരനെ ചൊടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ പ്രസിഡന്റ് അമിത് ഷാ എന്നിവരുമായി അടുത്ത ബന്ധമുള്ള മുരളീധരന്‍ അവരെ സ്വാധീനിച്ചാണ് കുമ്മനം രാജശേഖരനെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ പ്രചരിച്ചത്.
മുരളീധരന്റെ ഈ സ്വാധീനം അധ്യക്ഷ സ്ഥാനത്തേക്കും പ്രയോജനപ്പെടുമെന്നാണ് ആ വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍. എന്തുതന്നെയായാലും ഇത്തവണ സുരേന്ദ്രനോ അതോ പുറത്തു നിന്നുള്ള മറ്റൊരാള്‍ക്കോ, ആര്‍ക്കാണ് നറുക്ക് വീഴുകയെന്ന് ദേശീയ നേതൃത്വത്തിന്റെ സന്ദേശത്തിന് കാത്തിരിക്കുകയാണ് സംസ്ഥാന നേതാക്കള്‍.
