മോദി ഫാസിസത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരം: രമേശ് ചെന്നിത്തല
Kerala
മോദി ഫാസിസത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരം: രമേശ് ചെന്നിത്തല
ആര്യ.പി
Saturday, 25th July 2026, 5:34 pm

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെ സ്വാഗതം ചെയ്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജെന്‍ സി തലമുറയുടെ പോരാട്ടവീര്യമാണ് കേന്ദ്രത്തിന്റെ അഹങ്കാരത്തിന്റെ മുനയൊടിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ചിരിച്ചുകൊണ്ട് ലാഘവത്തോടെ ഏത് വന്‍മതിലും തകര്‍ത്തറിയുന്ന ജെന്‍സിയുടെ ഈ പുതിയ സമരമുറ മോദി ഫാസിസത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ്. അധികാരത്തിന്റെ അഹങ്കാരം രാജ്യം മുഴുവന്‍ അടിച്ചേല്‍പ്പിക്കാന്‍ ഇനി കേന്ദ്രസര്‍ക്കാരിന് കഴിയില്ല എന്ന് അവര്‍ തിരുത്തി നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു.

തെരുവില്‍ പൊരുതുന്ന ഇന്ത്യയുടെ ശബ്ദത്തിനൊപ്പം ഉറച്ചുനിന്ന് സമരത്തിന്റെ ഗതിമാറ്റിയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ബിഗ് സല്യൂട്ട്. യുവതയാണ് എന്നും ജനാധിപത്യത്തെ നയിക്കുന്നവര്‍. ചോദ്യം ചെയ്യാന്‍ പഠിച്ച ഒരു തലമുറ കൂടി ഇവിടെ ഉണര്‍ന്നു കഴിഞ്ഞു!’ ചെന്നിത്തല പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി സി.ജെ.പി പ്രതിനിധികളുമായി കേന്ദ്രം ചര്‍ച്ചകള്‍ നടത്തിയിരുന്നു. നഷ്ടപരിഹാരവും കേസ് പിന്‍വലിക്കലും പരിഗണിക്കാമെന്ന് അറിയിച്ചെങ്കിലും മന്ത്രിയുടെ രാജിയില്‍ തീരുമാനം അറിയിക്കാന്‍ ശനിയാഴ്ച വരെ സമയം ചോദിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം രാജ്യവ്യാപകമായി പടര്‍ന്നതോടെ ഉച്ചയ്ക്ക് നിശ്ചയിച്ച രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് മുന്‍പ് തന്നെ ധര്‍മ്മേന്ദ്ര പ്രധാന്‍ തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി നഷ്ടപരിഹാരം, പ്രതിഷേധക്കാര്‍ക്കെതിരേ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങള്‍ കൂടി പരിഗണിക്കുന്ന പക്ഷം മാത്രമേ സമരം അവസാനിപ്പിക്കുള്ളൂവെന്ന് സി.ജെ.പി അറിയിച്ചിട്ടുണ്ട്.

നേരത്തെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തികളില്‍ നടന്ന ദീര്‍ഘകാല പോരാട്ടത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ വിലയിരുത്തുന്നത്.

തുടക്കത്തില്‍ വന്‍തോതിലുള്ള പൊലീസ് അതിക്രമങ്ങളും കണ്ണീര്‍വാതക പ്രയോഗവും നേരിട്ടെങ്കിലും സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ആരംഭിച്ച് ജന്തര്‍മന്തറിലേക്ക് വളര്‍ന്ന ഈ മുന്നേറ്റം യുവാക്കള്‍ക്കിടയില്‍ സര്‍ക്കാരിനുണ്ടായിരുന്ന പ്രതിച്ഛായയ്ക്ക് വലിയ പരിക്കേല്‍പ്പിച്ചു.

സമരം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ നിവൃത്തിയില്ലാതെ കഴിഞ്ഞ ദിവസം തന്നെ കേന്ദ്രം നടപടികള്‍ ആരംഭിച്ചിരുന്നു. പരീക്ഷാക്രമക്കേടുകള്‍ക്കെതിരേ കര്‍ശനനടപടികള്‍ വ്യവസ്ഥചെയ്യുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കിയിരുന്നു.

ഇതിന് പുറമെ നീറ്റ് ഉള്‍പ്പെടെ ദേശീയ പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ (എന്‍.ടി.എ.) ഉടച്ചുവാര്‍ക്കല്‍ നടപടിയാരംഭിച്ച കേന്ദ്രം 47 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

Content Highlight: Biggest blow to Modi fascism: Ramesh Chennithala

 

 

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.