കസേരയിൽ കാലുകയറ്റി വെച്ച്, മുണ്ടുമടക്കിക്കുത്തി ദാസേട്ടൻ ഒറ്റയടിക്ക് പാടിത്തീർത്ത പാട്ടായിരുന്നു അത്: ബേണി
Malayalam Cinema
കസേരയിൽ കാലുകയറ്റി വെച്ച്, മുണ്ടുമടക്കിക്കുത്തി ദാസേട്ടൻ ഒറ്റയടിക്ക് പാടിത്തീർത്ത പാട്ടായിരുന്നു അത്: ബേണി
നന്ദന. ടി
Sunday, 9th August 2026, 8:41 am

മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രദ്ധേയനായ സംഗീതസംവിധായക കൂട്ടുകെട്ടാണ് ബേണി-ഇഗ്നേഷ്യസ്. കള്ളിപ്പൂങ്കുയിലേ, മയിലായ് പറന്നു വാ, കഥയിലെ രാജകുമാരനും, ആവണിപ്പൊന്നുഞ്ഞാൽ, താമരപ്പൂവിൽ വാഴും, തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചത് ഇവരാണ്.

1995-ൽ പുറത്തിറങ്ങിയ രഥോത്സവം എന്ന ചിത്രത്തിലെ തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ എന്ന ഗാനത്തിന്റെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ ബേണി.

ബേണി. Photo. Screen grab/ Youtube

തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ  എന്ന ഗാനം പാടിത്തുടങ്ങിയപ്പോൾ ഗായകൻ യേശുദാസ് അത് ഒരു മെലഡി ഗാനത്തിന്റെ രീതിയിൽ ആയിരുന്നു ആദ്യം പാടാൻ ശ്രമിച്ചത്. എന്നാൽ പിന്നീട് സംഗീത സംവിധായകരുടെ നിർദേശപ്രകാരം അദ്ദേഹം അത് ഒരു അടിപൊളി പാട്ടായി പാടുകയായിരുന്നു എന്ന് ഓർത്തെടുക്കുകയാണ് ബേണി.

‘തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ എന്ന പാട്ട് യേശുദാസ് റെക്കോർഡ് ചെയ്യുന്ന സമയത്ത് അദ്ദേഹം അത് ഒരു മെലഡി ആയിട്ടുള്ള ടോണിലായിരുന്നു പാടാൻ ശ്രമിച്ചത്. അപ്പോൾ ചേട്ടൻ (ഇഗ്നേഷ്യസ്) പറഞ്ഞു, ദാസേട്ടന്റെ ഒരു അടിപൊളി പാട്ട് കേൾക്കാൻ ആളുകൾ കാത്തിരിക്കുകയാണ്. അതുകൊണ്ട് പാട്ട് അധികം മെലഡി ആകേണ്ട, പകരം അടിച്ചുപൊളിച്ചോ എന്ന്.

ഇത് കേട്ടതും ദാസേട്ടൻ ഹാ അങ്ങനെയാണല്ലേ  എന്ന് പറഞ്ഞ് ഒരു കസേര വലിച്ചിട്ട് കാലൊക്കെ അതിന്റെ മുകളിൽ കയറ്റിവെച്ച് മുണ്ടൊക്കെ മടക്കിക്കുത്തി ഒറ്റയടിക്ക് പല്ലവി മുതൽ അവസാനം വരെ ഒരൊറ്റ പാട്ടായിരുന്നു. ഒരു പ്രതിഭ എന്നൊക്കെ പറഞ്ഞാൽ അതാണ്,’ ബേണി പറഞ്ഞു.

റാപ്പ് ഗാനങ്ങളുമായി തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ എന്ന ഗാനത്തിന് സാമ്യമുള്ളതിനാൽ, പാടി കഴിഞ്ഞ പാടെ യേശുദാസ് പിന്നീട് തന്റെ സ്റ്റേജ് ഷോകൾക്ക് പാടാനായി ആ ഗാനം റെക്കോർഡ് ചെയ്തു കൊണ്ടുപോയിരുന്നു എന്നും ബേണി പറയുന്നു.

‘റാപ്പ് ഗാനങ്ങൾ ഇറങ്ങിക്കൊണ്ടിരിക്കുന്ന സമയമാണ് അന്ന്. റെക്കോർഡിങ് കഴിഞ്ഞ് അദ്ദേഹം ഇറങ്ങിവന്നു പറഞ്ഞത്, അദ്ദേഹത്തിന്റെ കൂട്ടുകാരനായ ഒരു തങ്ങൾ പറഞ്ഞിരുന്നു, ഇപ്പോൾ ഒരു തരത്തിലുള്ള പാട്ട് ഇറങ്ങുന്നുണ്ട്, ഈ വർത്തമാനം മൂത്ത് മൂത്ത് പാട്ടാവുന്ന ഒന്ന്.
അങ്ങനത്തെ പാട്ടല്ലേ ഇത്, താളമൊക്കെ നന്നായിട്ടുണ്ട്, അതുകൊണ്ട് തന്റെ അടുത്ത സ്റ്റേജ് പരിപാടിക്ക് പാടാനായി ഞാൻ ഇതൊന്ന് റെക്കോർഡ് ചെയ്തുകൊണ്ട് പൊയ്ക്കോട്ടേ എന്ന് ചോദിച്ചു.

അങ്ങനെ അദ്ദേഹം ആ പാട്ട് റെക്കോർഡ് ചെയ്തുകൊണ്ട് പോയി പിന്നീട് സ്റ്റേജിൽ പാടിയപ്പോഴും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. യേശുദാസൊക്കെ ഒരു പാട്ട് ആദ്യമായിട്ട് പാടിയാലും ആളുകൾ കേട്ടിരിക്കും, അത് കുറെ പാടി പഴകിയതാവണമെന്നൊന്നും ഇല്ല,’ ബേണി പറഞ്ഞു.

തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ ഗാനം. രഥോത്സവം. Photo. Screen grab/ Youtube

Content Highlight: Berny shares memories about the song Thechi Poove from Ratholsavam

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം