ബംഗളുരു; ഡിജെ ഹള്ളിയില്‍ തന്റെ വീടിന് നേരേ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി.

രണ്ട് പൊലീസ് സ്റ്റേഷനുകള്‍ക്കൊപ്പം തന്റെ വീടിനും നേരേയും കല്ലേറുണ്ടായെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീടും ആക്രമണം നടത്തിയവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്തിനാണ് അവര്‍ എന്റെ വീട് അക്രമിച്ചത്? ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ഇനി അഥവാ ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പൊലീസിനെയോ മാധ്യമങ്ങളെയോ അറിയിക്കാമായിരുന്നില്ലേ. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്നെ ലക്ഷ്യം വെച്ചുള്ള ആക്രമണം വല്ലാതെ വേദനിപ്പിക്കുന്നു- അഖണ്ഡ ശ്രീനിവാസ് പറഞ്ഞു.

മൂര്‍ത്തിയുടെ മരുമകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പോസ്റ്റിനെ തുടര്‍ന്നാണ് ആക്രമണ പരമ്പര അരങ്ങേറിയത്. മുസ്‌ലിം സമുദായത്തെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന പോസ്റ്റായിരുന്നു അത്.

എന്റെ മരുമകനാണ് ഇത് ചെയ്തതെങ്കില്‍ പൊലീസ് അവനെ ശിക്ഷിക്കുമായിരുന്നു. എന്തിനാണ് അവര്‍ എന്റെ വീട് നശിപ്പിച്ചത്. ഞാന്‍ അവരോട് എന്താണ് ചെയ്തത്. എന്റെ വീടിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി കത്തി നശിച്ചു. ഒന്നും അവിടെ ബാക്കിയില്ല- മൂര്‍ത്തി എന്‍ഡിടിവിയോട് പ്രതികരിച്ചു.

അതേസമയം ആക്രമണസമയത്ത് അദ്ദേഹത്തിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നില്ലെന്ന് എം.എല്‍.എ പറഞ്ഞു. അടുത്തുള്ള ക്ഷേത്രത്തില്‍ ആയിരുന്നു കുടുംബാംഗങ്ങളെല്ലാം. അവരെല്ലാം സുരക്ഷിതരായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വീടിനു നേരേ നടന്ന ആക്രമണം ആസൂത്രിതമല്ല. കുപിതരായ ജനക്കൂട്ടത്തിന്റെ പ്രതിഷേധമാമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ താന്‍ അതിനോട് യോജിക്കുന്നില്ലെന്നും മൂര്‍ത്തി പറഞ്ഞു. ഇത് കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണം തന്നെയാണ്. അല്ലെങ്കില്‍ എന്തുകൊണ്ട് മറ്റ് നേതാക്കളുടെ വീടുകളില്‍ ഇത്തരം ആക്രമണം ഉണ്ടാകാത്തത്?- അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


content highlights: bengaluru-violence-congress-mla-akhanda-sriniva-murthy