'ഹലാല്‍ മാത്രം പോരാ'; പശ്ചിമ ബംഗാളില്‍ റെസ്റ്റോറന്റിനു മുന്നില്‍ ബി.ജെ.പി പ്രതിഷേധം
India
'ഹലാല്‍ മാത്രം പോരാ'; പശ്ചിമ ബംഗാളില്‍ റെസ്റ്റോറന്റിനു മുന്നില്‍ ബി.ജെ.പി പ്രതിഷേധം
അഞ്ജു ചന്ദ്രന്‍
Tuesday, 4th August 2026, 10:55 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ദേശീയപാത 12ല്‍ ഭട്ജംഗ്ലയ്ക്ക് സമീപമുള്ള റസ്റ്റോറന്റില്‍ ഹലാല്‍ മാംസം മാത്രം വില്‍ക്കുന്നതായി ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം.

ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് കയറി ജീവനക്കാരോട് വിളമ്പുന്ന മാംസത്തെക്കുറിച്ച് അന്വേഷിക്കുകയും ഉപഭോക്താക്കളെ ചോദ്യം ചെയ്തെന്നും ദി ഒബ്‌സര്‍വര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ജഡ്ക ഇറച്ചി വില്‍ക്കുന്നുണ്ടോയെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ചോദിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.

‘ഹലാല്‍ മാംസം ഇവിടെ വിളമ്പുന്നുണ്ടെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു. തുടര്‍ന്ന് അവര്‍ ജട്ക മാംസം ആവശ്യപ്പെട്ടു, അത് ലഭ്യമല്ലെന്ന് അവരെ അറിയിച്ചു. ഞങ്ങളുടെ നയം വിശദീകരിക്കാന്‍ ശ്രമിച്ചു, പക്ഷേ അവര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല,’ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.

ജട്ക മാംസം ലഭ്യമല്ലെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് റസ്റ്റോറന്റുകള്‍ ഏത് തരം മാംസമാണ് വിളമ്പുന്നതെന്ന് വ്യക്തമായി പരാമര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റസ്റ്റോറന്റിന് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂറിലധികം പ്രതിഷേധ പ്രകടനം നടത്തി.

റസ്റ്റോറന്റുകള്‍ വിളമ്പുന്ന മാംസത്തിന്റെ തരം വ്യക്തമായി ലേബല്‍ ചെയ്യണമെന്നും ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ജട്ക മാംസം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

”ഹലാല്‍ മാംസം വിളമ്പുന്ന റെസ്റ്റോറന്റുകള്‍ അതിനെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കണം, കൂടാതെ ഇഷ്ടപ്പെടുന്നവര്‍ക്ക് ജട്ക മാംസം നല്‍കുകയും വേണം,” ബി.ജെ.പി പ്രവര്‍ത്തകന്‍ ഉദയ് രാജ്നാഥ് പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെ കൃഷ്ണനഗര്‍ കോട്വാലി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇരുവിഭാഗവുമായും സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി.

Content Highlight: Bengal: BJP workers protest restaurant serving ‘only halal’ meat

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.