ആകെയുള്ളത് മൂന്ന് സീന്‍, അതില്‍ സ്വന്തം പേര് പറയുന്നത് 13 തവണ; ക്വീനിലെ ചിന്നുവിന് വെല്ലുവിളിയായി ബാലനിലെ ഷംനാത്ത
Malayalam Cinema
ആകെയുള്ളത് മൂന്ന് സീന്‍, അതില്‍ സ്വന്തം പേര് പറയുന്നത് 13 തവണ; ക്വീനിലെ ചിന്നുവിന് വെല്ലുവിളിയായി ബാലനിലെ ഷംനാത്ത
അമര്‍നാഥ് എം.
Wednesday, 5th August 2026, 8:39 am

തിയേറ്റര്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലെത്തിയ ബാലന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം നിരൂപകരും പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. സീ ഫൈവിലൂടെ സ്ട്രീം ചെയ്യുന്ന ബാലനിലെ ഓരോ സീനുകളും സിനിമാപേജുകള്‍ ചര്‍ച്ചയാക്കുകയാണ്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദിശേഷന്‍, മുഹമ്മദ് സിനാന്‍ എന്നിവരുടെ പ്രകടനത്തെ പലരും പുകഴ്ത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം സിനിമാപേജുകള്‍ ചര്‍ച്ചയാക്കുന്ന മറ്റൊരു കഥാപാത്രമാണ് ബീന ആന്റണി അവതരിപ്പിച്ച ഷംനാത്ത. വളരെ കുറച്ച് സ്‌ക്രീന്‍ടൈം കൊണ്ട് സിനിമയില്‍ വലിയൊരു ഇംപാക്ടാണ് സമ്മാനിച്ചത്.

ബീന ആന്റണി Photo: Zee 5

എന്നാല്‍ ഈ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു വ്യത്യസ്ത പോസ്റ്റാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ച. ബാലനില്‍ ഷംനാത്ത എന്ന കഥാപാത്രത്തിന് ആകെ മൂന്ന് സീനുകള്‍ മാത്രമേയുള്ളൂവെന്നും അതില്‍ പലപ്പോഴും സ്വന്തം പേര് പറഞ്ഞുനടക്കുകയാണെന്നും മണവാളന്‍ മീഡിയ എന്ന പേജിലെ ട്രോളില്‍ പറയുന്നുണ്ട്.

മൂന്ന് സീനുകളിലും കൂടി പത്ത് മിനിറ്റ് പോലും ഈ കഥാപാത്രത്തിന് സ്‌ക്രീന്‍ ടൈമില്ലെന്നും ഇതിനിടയില്‍ 13 തവണ ‘ഷംനാത്ത’ എന്ന് ബീനയുടെ കഥാപാത്രം പറയുന്നുണ്ടെന്നുമാണ് പോസ്റ്റ്. ‘ഷംനാത്തയെ മറന്നോ’, ‘ഷംനാത്തയെ പറ്റിക്കാന്‍ നോക്കണ്ട’, ‘ഷംനാത്ത ഇനി ഇവിടെത്തന്നെ കാണും’ എന്നൊക്കെയാണ് ഈ കഥാപാത്രത്തിന്റെ ഡയലോഗുകള്‍.

ബീന ആന്റണി Photo: Zee 5

പോസ്റ്റിന് താഴെ മികച്ച കമന്റുകളുമുണ്ട്. ക്വീന്‍ എന്ന ചിത്രത്തില്‍ സാനിയ അവതരിപ്പിച്ച ചിന്നു എന്ന കഥാപാത്രത്തിന് ഷംനാത്ത വെല്ലുവിളിയാണെന്നാണ് ചില കമന്റുകള്‍. ക്വീനില്‍ ‘ചിന്നു’ എന്ന് പേര് ഒരുപാട് തവണ ആവര്‍ത്തിച്ച് സാനിയ ട്രോള്‍ മെറ്റീരിയലായിരുന്നു. ചിന്നുവും ഷംനാത്തയും തമ്മില്‍ മത്സരം വെച്ചാല്‍ ആര് ജയിക്കുമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

‘കുറ്റം പറയാന്‍ പറ്റില്ല, ഇമ്മാതിരി ക്യാരക്ടറിനെ ആരായാലും കൊന്നുപോകും’, ‘ബിന്ദു നൈനാന് ഒരു എതിരാളി വന്നു’, ‘വെറും അഞ്ച് മിനിറ്റ് കൊണ്ട് ആളുകളുടെ ഇടയില്‍ വെറുപ്പ് ഉണ്ടാക്കാന്‍ പറ്റിയെങ്കില്‍ അതാണ് ബീന ആന്റണി എന്ന കഥാപാത്രത്തിന്റെ വിജയം’, ‘അഞ്ച് മിനിറ്റ് കൂടിയുണ്ടായിരുന്നെങ്കില്‍ പ്രേക്ഷകര്‍ തന്നെ തല്ലിക്കൊന്നേനെ’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

ചിത്രത്തിലെ മറ്റ് സീനുകളും സിനിമാപേജുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ടൊവിനോ അവതരിപ്പിച്ച അബ്ബാസ്, ജീന്‍ പോള്‍ ലാലിന്റെ പവിത്രന്‍ തുടങ്ങിയ കഥാപാത്രങ്ങളെക്കുറിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രേക്ഷകര്‍ക്ക് ഒരുപാട് ചര്‍ച്ച ചെയ്യാനുള്ള വകുപ്പ് ബാലന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ചില പോസ്റ്റുകള്‍.

Content Highlight: Beena Antony’s character in Balan movie discussing after OTT release

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം