ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡണ്ട് രാജിവെച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എന്‍.ഡി.എയിലെ ഭിന്നതയെത്തുടര്‍ന്നാണ് മണ്ഡലം പ്രസിഡണ്ട് ഫിലിപ്പ് ജോണിന്റെ രാജി.
പ്രാദേശിക നേതൃത്വത്തിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു ഫിലിപ്പ് ജോണ്‍ രാജിവെച്ചത്.
നേരത്തെ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ബിഡിജെഎസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വെട്ടിലാക്കി നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചത്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ള വീണ്ടും മത്സരിക്കാനാണ് സാധ്യത്. ആദ്യം മത്സരിക്കാനില്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ളയായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജയസാദ്ധ്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥിയാണ് ശ്രീധരന്‍ പിള്ളയെന്നും സംഘടനയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും ബി.ഡി.ജെ.എസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ള 42,682 വോട്ട് നേടിയിരുന്നു.
ഇടതുമുന്നണിയിലെ കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ യുടെ വിയോഗത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം കഴിഞ്ഞ തവണ യു.ഡി.എഫിനായി മത്സരിച്ച പി.സി വിഷ്ണുനാഥ് ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.
