മുംബൈ: ഐ.പി.എല്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ മത്സരരംഗത്ത് മലയാളികളും കടുത്ത പോരാട്ടത്തിലാണ്. പക്ഷെ കളിക്കളത്തിലല്ല, മറിച്ച് കളിക്കു പിന്നിലെ കാര്യത്തിലാണ് മലയാളികളുടെ മത്സരം. ഇത്തവണത്തെ ഐ.പി.എല്‍ എമേര്‍ജിംഗ് പ്ലെയര്‍ പുരസകാരത്തിനുള്ള മത്സരത്തില്‍ മലയാളി താരം ബേസില്‍ തമ്പിയുമുണ്ട്.

നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ നിതീഷ് റാണയായിരുന്നു വോട്ടിംഗില്‍ മുമ്പില്‍. എന്നാല്‍ മലയാളി ആരാധകര്‍ കൂട്ടത്തോടെ സൈറ്റിലെത്തി വോട്ട് രേഖപ്പെടുത്തിയതോടെ ബേസില്‍ റാണയേയും മറികടന്നു മുന്നേറുകയാണ്. നിലവില്‍ അമ്പത് ശതമാനം പിന്നിട്ടു ബേസിലിന്റെ വോട്ടിംഗ്.

ഇതേ നില തുടര്‍ന്നാല്‍ ഐ.പി.എല്‍ എമേര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാകും ബേസില്‍ തമ്പി എന്ന ഗുജറാത്ത് ലയണ്‍സ് താരം. നേരത്തെ മലയാളി ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ഈ നേട്ടം കൈവരിച്ചിരുന്നു.

ബേസില്‍ തമ്പിയെ കൂടാതെ നിതിഷ് റാണ, ഇശാന്‍ കിഷന്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, മുഹമ്മദ് സിറാജ് ടൈമര്‍ മില്‍സ്, ഷാര്‍ദുല്‍ താക്കൂര്‍, ടി നടരാജന്‍, ഫെര്‍ഗ്യൂസണ്‍, കെസി കരിയപ്പ, അങ്കിത് രാജ്പുത്ത്, രാഹുല്‍ ചഹര്‍ എന്നിവരാണ് പട്ടികയിലുളളത്.


Also Read: പൊലീസ് പിടിച്ചു ; എന്തെങ്കിലും ചെയ്യണമെന്ന് പ്രഭാസിനോട് റാണ; ബാഹുബലിയുടെ അടുത്ത സുഹൃത്താണെന്ന് പൊലീസിനോട് പറയൂവെന്ന് താരത്തിന്റെ മറുപടി


ഐപിഎല്ലില്‍ ഒന്‍പത് മത്സരങ്ങള്‍ ഇതുവരെ കളിച്ച ബേസില്‍ എട്ട് വിക്കറ്റും 28 റണ്‍സും നേടിയിട്ടുണ്ട്. മനോഹരമായ റണ്‍ അപ്പ്, നല്ല ബൗളിംഗ് ആക്ഷന്‍ 140 കിലോമീറ്ററിന് മുകളില്‍ പന്തെറിയാന്‍ കഴിയുന്ന വേഗത, ഒന്നാന്തരം ബൗണ്‍സറുകളും സ്ലോബോളുകളും, കൂടെ കരുതുറ്റ യോര്‍ക്കറുകളും, ഇതാണ് ബേസില്‍ തമ്പിയുടെ ബൗളിംഗ്. യോര്‍ക്കറെറിയാനുളള അസാമാന്യ പാടവം ബേസിലിനെ മറ്റ് പേസ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.